തൃശൂരിൽ ജലവിതരണത്തിൽ വൻ മുന്നേറ്റത്തിന്: പീച്ചിയിൽ ആധുനിക ജലശുദ്ധീകരണശാല പൂർത്തീകരണത്തിലേക്ക്; മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു

11

*സംഭരണ ശേഷി പ്രതിദിനം 200 ലക്ഷം ലിറ്റർ

*1 ലക്ഷം ജനങ്ങൾക്ക് പ്രതിദിനം 150 ലിറ്റർ കുടിവെള്ളം

തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണത്തിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുതിയ 20 എം എൽ ഡി ജല ശുദ്ധീകരണശാല, ഫ്ലോട്ടിങ് ഇൻടേക്ക് സ്ട്രക്ച്ചർ, ഡെഡിക്കേറ്റഡ് പവർ ഫീഡർ എന്നിവ പൂർത്തീകരണ ഘട്ടത്തിലേക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 25.3 0 കോടി രൂപ ചെലവിൽ ഈ 3 പദ്ധതികളും പൂർത്തീകരിക്കുന്നതോടുകൂടി പഴയ നഗരസഭ പ്രദേശത്ത് സമൃദ്ധിയായി ഉന്നത ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകും.

തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണം 1962 ലാണ് ആരംഭിച്ചത്. പീച്ചിയിലുള്ള 14.50 എം എൽ ഡി ജലശുദ്ധീകരണ ശാലയിൽ നിന്നാണ് പഴയ നഗരസഭ പ്രദേശത്ത് പ്രധാനമായും ജലവിതരണം നടത്തിവരുന്നത്. എന്നാൽ വർധിച്ചുവരുന്ന കുടിവെള്ളത്തിന്റെ ആവശ്യകത പരിഹരിക്കുന്നതിന് ഈ പ്ലാൻറ് അപര്യാപ്തമാണ്.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിനുമായാണ് 2050 ലെ ജനസംഖ്യ കണക്കാക്കി നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേർന്ന് പ്രതിദിനം 200 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജല ശുദ്ധീകരണശാല നിർമിച്ചിട്ടുള്ളത്.

എയിറേഷൻ, കൊയാഗുലേഷൻ, ഫ്ലോക്കുലേഷൻ,
ക്ലാരിഫിക്കേഷൻ, റാപ്പിഡ് സാൻഡ് ഫിൽട്രേഷൻ, ഫൈനൽ ഡിസ്ഇൻഫെക്ഷൻ എന്നിവ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘടകങ്ങളാണ്. 17.30 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള ഈ പദ്ധതി പൂർത്തീകരണ ഘട്ടത്തിലായത് ജില്ലയ്ക്ക് പ്രധാന നേട്ടമാകും.

പീച്ചി ഡാമിലെ അടിത്തട്ടിലെ വെള്ളമാണ് ഇപ്പോൾ ശുദ്ധീകരണത്തിനായി എടുക്കുന്നത്. വർഷങ്ങളായി അടിത്തട്ടിൽ ശേഖരിക്കപ്പെടുന്ന മണ്ണും ചെളിയും ഇരുമ്പിന്റെ അംശവും ഉപയോഗിക്കുന്ന വെള്ളത്തിൽ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ജലത്തിന്റെ ഗുണനിലവാരത്തിൽ വരുന്ന കുറവ് പരിഹരിക്കുന്നതിനായി റിസർവോയറിലെ ഉപരിതലത്തിൽ നിന്നും വെള്ളം സംഭരിക്കുന്നതിനായി 215 എച്ച്പിയുടെ സബ്മെഴ്‌സിബിൾ സെൻട്രിഫ്യൂഗൽ പമ്പ് 3 എണ്ണം സ്ഥാപിച്ചു കൊണ്ടുള്ള ഫ്ലോട്ടിങ് ഇൻടേക്ക് സ്ട്രക്ചറിന്റെ നിർമാണവും പൂർത്തീകരണ ഘട്ടത്തിലാണ്. 5 കോടി രൂപയാണ് ഇതിന് വിനിയോഗിച്ചത്. പദ്ധതി കൊണ്ട് നഗരസഭാ നിവാസികൾക്ക് കൂടുതൽ നിലവാരത്തിലുള്ള കുടിവെള്ളം ലഭിക്കും.

പീച്ചി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വൈദ്യുതി ലഭിക്കുന്നത് പട്ടിക്കാട്, നടത്തറ സബ് സ്റ്റേഷനുകളിൽ നിന്നും രണ്ട് ഓവർ ഹെഡ് വൈദ്യുത ലൈനുകളിലൂടെയുമാണ്. ഈ വൈദ്യുത ലൈൻ വനപ്രദേശത്തുകൂടി കടന്നു വരുന്നതിനാൽ മഴക്കാലത്ത് വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പട്ടിക്കാടുള്ള 33 കെവി സബ്സ്റ്റേഷനിൽ നിന്നും 11 കെവി ഡെഡിക്കേറ്റഡ് ഫീഡർ,11 കെ വി ഇൻഡോർ ട്രാൻസ്ഫോമർ, വാക്വം സർക്യൂട്ട് ബ്രേക്കർ എന്നിവ സ്ഥാപിച്ച്‌ ജല ശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി തടസ്സം ഒഴിവാക്കും. ഇതോടെ 24 മണിക്കൂറും ശുദ്ധീകരണശാല പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും. 3 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയും അവസാന ഘട്ടത്തിലാണ്.

ഫ്ലോട്ടിങ് ഇൻടേക്ക് സ്ട്രക്ക്ച്ചർ ഡെഡിക്കേറ്റഡ് പവർ ഫീഡർ എന്നിവ പൂർത്തീകരിക്കുന്നതോടുകൂടി പ്രവർത്തനം ആരംഭിക്കുന്ന 20 എം എൽ ഡി ജല ശുദ്ധികരണ ശാലയിൽ നിന്നും പഴയ നഗരസഭ പ്രദേശത്തെ 1 ലക്ഷം ജനങ്ങൾക്കും ആളോഹരി പ്രതിദിനം 150 ലിറ്ററിന് മുകളിൽ കുടിവെള്ളം ലഭിക്കും.