തൃശൂർ പൂരത്തിനിടയിലെ ദുരന്തം: പോലീസ് കേസെടുത്തു, തൃശൂർ നഗരത്തിൽ അപകടകാരിയായി കെട്ടിടങ്ങളും മരങ്ങളും നിരവധിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്; കെ.എഫ്.ആർ.ഐ നാളെ റിപ്പോർട്ട് നൽകും

60

തൃശൂർ പൂരത്തെ കണ്ണീരിലാക്കിയ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് രണ്ട് പേരുടെ മരണത്തിനും വാദ്യക്കാരും പോലീസുകാരുമുൾപ്പെടെ നിരവധി പേരുടെ പരിക്കുകൾക്കും ഇടയാക്കിയ ദുരന്തത്തിൽ പോലീസ് കേസെടുത്തു. 174ാം വകുപ്പ് അനുസരിച്ച് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ദുരന്തത്തിന് പിന്നാലെ തൃശൂർ നഗരത്തിൽ അപകടകാരിയായി നിരവധി മരങ്ങളും കെട്ടിടങ്ങളുമുള്ളത് അക്കമിട്ട് നിരത്തിയ പട്ടികയുൾപ്പെടുത്തി നേരത്തെ നൽകിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി സ്പെഷൽ ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി. നേരത്തെ പൂരത്തിന്റെ മുമ്പായി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപകടകാരിയായ കെട്ടിടങ്ങളും മരങ്ങളെയും കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇപ്പോൾ മറിഞ്ഞു വീണ് ദുരന്തമുണ്ടാക്കിയ തൃപ്പാക്കൽ ക്ഷേത്രത്തിലെ ആൽമരം ഈ പട്ടികയിൽപ്പെട്ടതാണോയെന്നത് പരിശോധിക്കുന്നുണ്ട്. പുറത്തേക്ക് നല്ല പച്ചപ്പോടെ നിന്നിരുന്ന മരത്തിന്റെ ഉൾഭാഗം ദ്രവിച്ച നിലയിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങിലൊതുക്കിയ ആഘോഷമായതിനാലാണ് ദുരന്തത്തിന്റെ ആഴം കുറഞ്ഞത്. സാധാരണയായി പൂരത്തിന് കുട്ടികളും സ്ത്രീകളുമുൾപ്പെടെയായി ആയിരക്കണക്കിന് ആളുകൾ നിൽക്കുന്ന ഇടം കൂടിയാണ് മരത്തിനോട് ചേർന്നുള്ള ഭാഗം. അതേ സമയം അപകടകാരിയായ ആൽമരത്തിൻറെ പഴക്കം സംബന്ധിച്ച് കെ.എഫ്.ആർ.ഐയോട് കളക്ടർ റിപ്പോർട്ട് തേടിയതിൽ സംഘം പരിശോധന നടത്തി. മരത്തിന്റെ ദുർബലത തന്നെയായിരുന്നു ഒടിഞ്ഞു വീഴാൻ കാരണമെന്നാണ് സൂചന. നാളെ സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകും. ഇതനുസരിച്ച് ആൽമരം കൂടുതൽ അപകടത്തിനിടയാക്കുന്നതാണെങ്കിൽ മുറിച്ചു നീക്കാൻ നിർദ്ദേശിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവർക്കുള്ള സാമ്പത്തീക സഹായങ്ങളുമുൾപ്പെടെ ദേവസ്വങ്ങൾ ആലോചിക്കുകയാണ്.