ഞെട്ടി വിറച്ച് പൂര നഗരി: മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ മരം ഒടിഞ്ഞു വീണ് അപകടം, രണ്ട് പേർ മരിച്ചു; മരിച്ചത് തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗങ്ങൾ, ഒരാളുടെ നില ഗുരുതരം; പോലീസുകാർ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, തിടമ്പേറ്റിയ ആന ഭയന്നോടി, പൂരം വെടിക്കെട്ട് ഒഴിവാക്കി, പകൽപ്പൂരം ചടങ്ങുകൾ എങ്ങനെ എന്നതിൽ ആലോചിക്കുന്നു, പൊതുജനങ്ങൾക്ക് അനുമതിയില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു, മന്ത്രി എ.സി മൊയ്‌തീൻ സ്ഥലത്തെത്തി

34

മഹാമാരിക്കാലത്തെ പൂരത്തിനിടെയുണ്ടായ ദുരന്തത്തിൽ ഞെട്ടി വിറച്ച് പൂര നഗരി. പൂരത്തിന്റെ മഠത്തിൽ വരവിനിടെ ആൽമര കൊമ്പ് കടപുഴകി വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗങ്ങളായ നടത്തറ രമേശൻ, പൂങ്കുന്നം പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. പോലീസുകാർ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രിപൂരത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ സമയത്തായിരുന്നു അപകടം. ബ്രഹ്മസ്വം മഠത്തിന് മുന്നിൽ പഞ്ചവാദ്യം നടക്കുന്നതിനിടെയാണ് സംഭവം. പകൽ പൂരത്തിന്റെ ആവർത്തനമായി രാത്രിയും മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കാറുണ്ട്. കൂറ്റൻ ആൽമര ചുവട്ടിൽ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടർന്നു വീഴുകയായിരുന്നു. പ്രത്യേകിച്ച് കാറ്റോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ പഴക്കമുള്ള ആൽ മരത്തിന്റെ കൊമ്പ് വാദ്യകാർക്കിടയിലാണ് പതിച്ചത്. ദേശക്കാർ അടക്കം നാൽപ്പതിന് അടുത്ത് ആളുകൾ സ്ഥലത്തുണ്ടായിരുന്നു. വാദ്യം മുറുകി നിൽക്കുന്ന സമയമായതിനാൽ കൊമ്പ് അടർന്നു വീഴുന്ന ശബ്ദം കേൾക്കാനായില്ല. ഓടി മാറാൻ കഴിയും മുൻപ് പലരും മരത്തിനടിയിൽ പെട്ടു. മേളപ്രമാണി കോങ്ങാട് മധു അടക്കം വാദ്യക്കാർ എല്ലാം മരച്ചില്ലകൾക്ക് അടിയിലായി. അദ്ദേഹത്തിന് കാര്യമായ പരിക്കില്ല. മരം പൊട്ടി വീണത് വൈദ്യുതി കമ്പിയിലേക്കായിരുന്നു. വൈദ്യുതി ലൈനിൽ നിന്നും ചിലർക്ക് ഷോക്കേറ്റതായും സൂചനയുണ്ട്. പരിക്കേറ്റവരിൽ പോലീസുകാർ ഉൾപ്പെടെയുണ്ട്. എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന കുട്ടൻകുളങ്ങര അർജുനൻ ഓടി മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് മരചില്ലകൾ മുറിച്ച് മാറ്റിയാണ് പലരേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭയന്നോടിയ ആനയെ പിന്നീട് തളച്ചു. സംഭവത്തെ തുടർന്ന് വെടിക്കെട്ടിൽ നിന്നും തിരുവമ്പാടിയും പാറമേക്കാവ് വിഭാഗവും പിന്മാറി. കളക്ടർ പെസോ അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് കുഴിയിൽ നിറച്ച വെടിമരുന്ന് നിർവീര്യമാക്കുക കൂടുതൽ അപകടകരമാണെന്നും അതിനാൽ പൊട്ടിച്ചു കളയാനും തീരുമാനിച്ചു. പൂരത്തിന്റെ നാളെ നടക്കേണ്ട ഉപചാരം ചൊല്ലൽ അടക്കമുള്ള ചടങ്ങുകൾ എങ്ങനെ വേണമെന്നതിനെ കുറിച്ച് ദേവസ്വങ്ങൾ ആലോചിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് അനുമതിയില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനായി. മന്ത്രി എ.സി മൊയ്‌തീൻ സ്ഥലത്തെത്തി ദേവസ്വം ഭാരവാഹികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയാണ്.