തൃശൂർ പൂരം നടത്തിപ്പ്: ചീഫ് സെക്രട്ടറി വിളിച്ച യോഗം വൈകീട്ട്, ദേവസ്വങ്ങൾ അടിയന്തര യോഗം ചേർന്നു, നിലപാട് മയപ്പെടുത്തി; കോർപറേഷൻ പരിധിയിൽ കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ, എതിർപ്പുകൾ ഉയർന്നതിനാൽ ചീഫ് സെക്രട്ടറിയുടെ നിർദേശം അംഗീകരിക്കും, പൂരം ചടങ്ങുകളിലേക്ക് ചുരുക്കുന്നതിലും ആലോചന, കോവിഡ് വ്യാപനത്തിനിടെ പൂരം നടത്താനുള്ള നീക്കത്തിനെതിരെ കോടതികളിൽ ഹർജി, പ്രവേശന പാസ് ഇന്ന് മുതൽ

40

കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് ചർച്ച നടക്കും. വൈകീട്ട് നാലിന് ഓൺലൈനിലാണ് യോഗം. പൂരം എങ്ങനെ നടത്തണമെന്നതിൽ തീരുമാനം ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഉണ്ടാവുമെന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്കും സുരക്ഷിതമായ പൂരം നടത്തുന്ന കാര്യം എത്തിയിട്ടുണ്ട്. പൂരം നടക്കുന്ന കോർപറേഷൻ പരിധിയിലെ പല ഡിവിഷനുകളും കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടൈൻമെന്റ് സോൺ ആണ്. അടുത്ത ദിവസങ്ങളിൽ ഇത് കൂടാനാണ് സാധ്യത. പൂരത്തെ ആശങ്കയിലാക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ പൂരം നടത്തിപ്പ് മുൻപ് നടത്തിയത് പോലെ നടത്തുക പ്രയാസമാണ്. ഇതിനിടെ കോവിഡ് കാലത്തെ പൂരം നടത്തിപ്പിനെതിരെ ദേശത്ത് നിന്നുൾപ്പെടെ വ്യാപക എതിർപ്പുയർന്നിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകളില്ലെങ്കിൽ പൂരം കഴിഞ്ഞ തവണ നടത്തിയതിനു സമാനമായി ചടങ്ങുകളിൽ കുറവ് വരുത്തി നടത്താൻ ആലോചിക്കുന്നുണ്ട്. ഇന്നലെ ദേവസ്വങ്ങളുടെ അടിയന്തര യോഗം ഇക്കാര്യത്തിൽ ധാരണയിലെത്തി. ഇന്ന് ഇരു ദേവസ്വങ്ങളുടെയും പൂരം ഏകോപന സമിതിയുടെ യോഗം ചേരുന്നുണ്ട്.

മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയർന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.

45 വയസ്സിന് മേലെയുള്ളവർ കോവിഡ് വാക്സിൻ എടുക്കണമെന്നും 45-ന് താഴെയുള്ളവർ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണമെന്നുമായിരുന്നു പൂരം കാണാനുള്ള പ്രധാന വ്യവസ്ഥ. 10 വയസ്സിൽ തഴെയുള്ളവർക്കും 60 വയസ്സിന് മേലെയുള്ളവർക്കും പ്രവേശനം ഉണ്ടാവില്ലെന്നും വ്യവസ്ഥ ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ പോസിറ്റീവിറ്റി നിരക്ക് കൂടിയപ്പോൾ കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കോ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോമാത്രം പ്രവേശനം എന്നാക്കി നിബന്ധന. ആനകളുടെ എല്ലാ പാപ്പാൻമാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എന്ന നിബന്ധനയും വെച്ചു.

ആദ്യം പറഞ്ഞതിൽനിന്ന് സർക്കാർ മാറിയെന്ന് ആരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്തെത്തിയതോടെയാണ് ഞായറാഴ്ച കളക്ടർ യോഗം വിളിച്ചത്. ഇതിൽ ഈ പ്രശ്നങ്ങൾ ദേവസ്വങ്ങൾ ഉന്നയിച്ചെങ്കിലും ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരുമാനിക്കാനായി മാറ്റിവെക്കുകയായിരുന്നു.

പ്രവേശന പാസ് ഇന്നുമുതൽ

പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന്‌ തിങ്കളാഴ്ച രാവിലെ 10 മുതൽ ഡൗൺലോഡ് ചെയ്യാം. (https://covid19jagratha.kerala.nic.in/ ) തൃശ്ശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ കൊടുക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. പാസ് ലഭിക്കുന്നതിന് ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ് ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽനിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.

പൂരം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയായ സ്വരാജ് റൗണ്ടിലേക്ക് കടക്കണമെങ്കിൽ പാസ് വേണം. കർശന പരിശോധന ഉണ്ടാവും. സാംപിൾ വെടിക്കെട്ട് നടക്കുന്ന 21 മുതൽ 24 വരെയാണ് പാസ് കർശനമാക്കുക. ഇതിനിടെ കോവിഡ് വ്യാപനത്തിനിടെ പൂരം നടത്തുന്നതിനിടെ ജില്ലാ കോടതിയിലും ഹൈകോടതിയിലും ഹർജികളും എത്തിയിട്ടുണ്ട്.