സങ്കടക്കടലിൽ മുങ്ങി പൂരം അവസാനിപ്പിച്ചു: മേളവും മറ്റ് ചടങ്ങുകളും ഒഴിവാക്കി, ഭഗവതിമാർ ഉപചാരം ചൊല്ലി; അടുത്ത വർഷത്തെ പൂരം മെയ് 11ന്

33

മഹാമാരിക്കാലത്ത് വിവാദങ്ങളും ആശങ്കയോടെയും പ്രതീക്ഷയുടെയും ആഘോഷിച്ച തൃശൂർ പൂരത്തിന് കണ്ണീരോടെ പരിസമാപ്തി. എഴുന്നള്ളിപ്പിനിടയ്ക്ക് ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ പകൽപ്പൂരവും ഒഴിവാക്കി ഒരാനയെ മാത്രം എഴുന്നെള്ളിച്ച് ഉപചാരം ചൊല്ലലും ചടങ്ങുകളും പൂർത്തിയാക്കി. ഇരു ദേവസ്വം പ്രതിനിധികളും അടുത്ത വർഷത്തെ പൂരം നാൾ പ്രഖ്യാപിച്ചു. 2022മെയ് 11ന് ആണ് അടുത്ത പൂരം. രാവിലെ എട്ടേമുക്കാലോടെ  ഇരുഭഗവതിമാരും വടക്കുംനാഥന് മുന്നിൽ പരസ്പരം തുമ്പി ഉയർത്തി വിടവാങ്ങൽ അറിയിച്ചു. ആർപ്പ് വിളികളും ആരവങ്ങളും ഉണ്ടായില്ല. പകരം എല്ലാ മുഖത്തും സങ്കടക്കടൽ ആർത്തലാക്കുന്നുണ്ടായിരുന്നു. ഉപചാരം ചൊല്ലിയ ശേഷം ഭാഗവതിമാർ ആറാട്ടിന് തിരിച്ചു. എഴുന്നള്ളിപ്പിനിടയ്ക്ക് ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. പകൽപ്പൂരം ചടങ്ങിലൊതുക്കി. ചടങ്ങുകൾ ഒരാനയെ മാത്രം എഴുന്നെള്ളിച്ച് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ദാരുണമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിര്‍വീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാല്‍ വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താൻ പാറമേക്കാവും തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു അപകടം നടന്നത്. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാര്‍ ഉള്‍പ്പെടെ ഇരുപത്തേഴോളം പേര്‍ക്ക് പരിക്കേറ്റു. ബ്രഹ്മസ്വം മഠത്തില്‍നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതിക്കമ്പി ആളുകള്‍ക്കിടയിലേക്ക് വീഴാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.