തൃശൂർ പൂരം: ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ഇന്ന് രാവിലെ, കളക്ടറുടെ സാനിധ്യത്തിൽ യോഗം വൈകീട്ട്, സർക്കാർ മാർഗ്ഗനിർദേശം പുറപ്പെടുവിക്കും, ആൾക്കൂട്ട നിയന്ത്രണത്തിന് മാസ്റ്റർ പ്ലാനുമായി ദേവസ്വങ്ങളും പോലീസും; പൂരം ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ഐ.എം.എ, പൂരം തകർക്കാൻ ഉദ്യോഗസ്ഥ ഗൂടാലോചനയെന്ന് പൂരം സാംസ്‌കാരിക വേദി

31

തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഉടൻ പുറത്തിറക്കും. നിലവിലെ സാഹചര്യവും ദേവസ്വങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും അഭിപ്രായങ്ങളുമറിയാൻ ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ ഇന്ന് രാവിലെ യോഗം ചേരും. രാവിലെ 10.30ന് ഓൺലൈൻ ആയിട്ടാണ് യോഗം. കലക്ടറും ഇന്ന് ദേവസ്വങ്ങളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ പൂരം പ്രൗഢിയോടെ എല്ലാ ചടങ്ങുകളോടെയും നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആശങ്കയറിയിച്ച് കത്ത് നൽകിയത്. മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കലക്ടറും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കോവിഡ് നിരക്ക് ക്രമാതീതമായി വർധിക്കുകയും വ്യാപന ഭീതി നിലനിൽക്കുകയും സംസ്ഥാനമാകെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കെയാണ് പൂരം ആഘോഷിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നതാണ് പ്രധാന കടമ്പ. ഇതിന് എന്ത് മാർഗം സ്വീകരിക്കുമെന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ആൾക്കൂട്ട നിയന്ത്രണം ദേവസ്വങ്ങളുടെ ചുമതലയാണെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന തൃശൂർ പൂരത്തിന് ദേവസ്വങ്ങൾക്ക് നിയന്ത്രിക്കാൻ പരിമിതികളുണ്ട്. സാധാരണയായി നാലായിരത്തോളം പൊലീസുകാരെയാണ് പൂരം സുരക്ഷക്കായി നിയോഗിക്കാറുള്ളത്. കോവിഡ് സാഹചര്യത്തിൽ ഇതും മതിയാവില്ല. നിയന്ത്രണങ്ങൾ പാലിക്കണമെങ്കിൽ പൊലീസ് തന്നെ വേണമെന്നതാണ് ദേവസ്വങ്ങൾ പറയുന്നത്. ദേവസ്വങ്ങളും പൊലീസും പൂരം നിയന്ത്രണങ്ങൾക്ക് മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ സാനിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഇത് അവതരിപ്പിക്കും. പൂരത്തിൻറെ ചടങ്ങുകളിൽ മാറ്റമുണ്ടാകാത്ത വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് പദ്ധതി. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. പൂരത്തിൻ്റെ ഏറ്റവും ആകർഷകമായ കുടമാറ്റത്തിന് എത്തുന്ന ആളുകളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തിൽ ആശയകുഴപ്പം ഉണ്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനിക്കുമെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. അതിനിടെ സുരക്ഷിതമായി പൂരം നടത്തുന്നതിനെ കുറിച്ച് കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. പൂരം കോവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാതെ നടത്തുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ നല്‍കി. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും പൂരം നടത്തുക. ആരോഗ്യവകുപ്പ് വിവിധയിടങ്ങളില്‍ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും. പൂരം കാണാന്‍ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല. ആക്ട്‌സിന്റെ 17 ആംബുലന്‍സുകളുയെും സഹകരണ വകുപ്പിന്റെ പത്ത് ആംബുലന്‍സുകളുടെയും ആരോഗ്യവകുപ്പിന്റെ മുഴുവന്‍ ആംബുലന്‍സുകളുടെയും സേവനം പ്രദേശത്ത് ഉറപ്പാക്കും. ജനങ്ങളെ സഹായിക്കാനും സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും പൊലീസിനെ സഹായിക്കാനും 300 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെ സജ്ജമാക്കും. പൂരം നടക്കുന്ന മൂന്ന് ദിവസങ്ങളില്‍ കോവിഡ് പകരാതിരിക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കോവിഡ് മജിസ്‌ട്രേറ്റുമാരെയും നിയമിക്കും. ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ആനകളെ മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. ഇതിലൂടെ അവസാന നിമിഷം ആനകളെ പിന്‍വലിക്കുന്നതിനാല്‍ ദേവസ്വങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന് കലക്ടര്‍ അറിയിച്ചു. തൃശൂര്‍ റൗണ്ടിലെ 133 അപകടനിലയിലുള്ള കെട്ടിടങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച് ആരോഗ്യവിഭാഗവും കോര്‍പ്പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യാനുസരണം കരുതിവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കലക്ടര്‍ കൊച്ചിന്‍ സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷ്ണറെ ചുമതലപ്പെടുത്തി. ഇന്ന് വൈകീട്ട് നാലിന് ദേവസ്വം പ്രതിനിധികളുടെയും ഘടകപൂരങ്ങളുമായി ബന്ധപ്പെട്ടവരുടെയും വിവിധ വകുപ്പുകളുടെയും വിപുലമായ യോഗം ചേരുമെന്ന് കലക്ടര്‍ അറിയിച്ചു. അതേ സമയം പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും ഐ.എം.എ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐ.എം.എ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും കോഴിക്കോട് പോലുള്ള ജില്ലകളിൽ കൊവിഡ് ബെഡുകൾ നിറയുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എം.എ നിലപാട് വ്യക്തമാക്കിയത്. പൂരം നടത്തിപ്പിലെ അനിശ്ചിതത്വത്തിനെതിരെ വിവിധ സംഘടനകളും രംഗത്തെത്തി. തൃശൂർ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാർ  ഉറപ്പ് നൽകിയിരിക്കെ അനാവശ്യവും ഭീതിപരത്തി പൂരം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തല ഗൂഢാലോചന സംശ‍യിക്കുന്നുവെന്ന് പൂരം സാംസ്കാരിക വേദി. അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പൂരം തടസപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഉത്തരവാദപ്പെട്ട ചുമതല നിർവഹിക്കാതിരിക്കാൻ വിവിധ കാരണങ്ങൾ കണ്ടെത്തുകയാണ്.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പൂരത്തിൻ്റെ സാംസ്ക്കാരിക തനിമയും ആചാരങ്ങളും നിലനിർത്തുന്നതിന് പരിശ്രമിക്കുന്ന ദേവസ്വം ഭാരവാഹികൾക്കും സംസ്ഥാന സർക്കാരിനെയും അപമാനിതമാക്കാനും പൂരം അട്ടിമറിക്കാനും ചില ഉദ്യോഗസ്ഥർ ബോധപൂർവ്വം ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള ഹരിദ്വാറിൽ ഭംഗിയായി നടക്കുന്നു. 100 പൂരത്തിനെങ്കിലുമുള്ള ജനം ഇപ്പോൾ അവിടെയുണ്ട്.  സർക്കാർ ഉദ്യോഗസ്ഥർക്ക് പണിയെടുക്കാൻ വയ്യാത്തതിനാൽ പൂരം തടസപ്പെടുത്തുകയും സർക്കാരിനെ അപമാനപ്പെടുത്തുകയുമാണ് ഉദ്ദേശ്യം. തൃശൂരിൻറെ വികാരം ഉൾക്കൊണ്ട് കോവിഡ് നിയന്ത്രണങ്ങളോടെയും പൂരം പൊലിമയോടെ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ് സുനിൽകുമാറിനും നിയന്ത്രണങ്ങളിലും പൂരം പ്രൗഢി ചോരാതെ നടത്താൻ പരിശ്രമിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിനും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾക്കും പൂരം സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു. കോവിഡ് സാഹചര്യങ്ങളിൽ പൂരം ഭംഗിയായി നടത്തുവാനും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ പാലിച്ച് മുഴുവൻ പൂരപ്രേമികളും സഹകരിക്കണമെന്നും പൂരം സാംസ്ക്കാരിക വേദി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് കെ.കേശവദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. ശശിധരൻ, സെക്രട്ടറി അഡ്വ വി ഹരികൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ഐ മനീഷ് കുമാർ എന്നിവർ പങ്കെടുത്തു.