സി.എ.കൃഷ്ണൻ ചെയർമാൻ, കെ.വിജയരാഘവനും ബൈജു താഴെക്കാട്ടും അംഗങ്ങൾ: പൂരപ്രേമി സംഘം പ്രഫ.മാധവൻകുട്ടി സ്മാരക അവാർഡ് നിർണയ സമിതിയെ പ്രഖ്യാപിച്ചു

87

പൂരവും ഉൽസവവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരൻമാർ, സർക്കാർ ജീവനക്കാർ, ദൃശ്യ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ നിന്നും തിരഞ്ഞെടുത്ത ഒരാൾക്ക് 25000 രൂപയും ഫലകവുമാണ് പുരസ്കാരം

പൂരപ്രേമി സംഘത്തിന്റെ മുഖ്യ ഉപദേഷ്ഠാവായിരുന്ന പ്രൊഫ. എം.മാധവൻകുട്ടിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള അവാർഡ് നിർണയ സമിതിയെ പ്രഖ്യാപിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.എ കൃഷ്ണൻ ചെയർമാനും തൃശൂർ പൂരം പ്രദർശനകമ്മറ്റി പ്രസിഡണ്ട് കെ. വിജയരാഘവനും, പൂരപ്രേമിസംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടും അംഗങ്ങളായുള്ളതാണ് അവാർഡ് നിർണയ സമിതി. പൂരവും ഉൽസവവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരൻമാർ, സർക്കാർ ജീവനക്കാർ, ദൃശ്യ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരിൽ നിന്നും തിരഞ്ഞെടുത്ത ഒരാൾക്ക് 25000 രൂപയും ഫലകവുമാണ് പുരസ്കാരം. മാധവൻകുട്ടി മാഷ് പഠിച്ച തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർഥിക്ക് വിദ്യാഭ്യാസ പുരസ്ക്കാരവും നൽകും. ക്യാഷ് അവാർഡും, ഫലകവുമാണ് വിദ്യാഭ്യാസ പുരസ്കാരം. മാധവൻകുട്ടി മാസ്റ്റർ പഠിപ്പിച്ചിരുന്ന ആലുവ യു.സി കോളേജിലെ മാഷുടെ ശിഷ്യർ സമർപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് മാധവൻ കുട്ടി മാഷ് പഠിച്ചിരുന്ന തൃശൂർ സെന്റ് തോമസ് കോളേജിലെ 2022 മാർച്ചിൽ ബിരുദത്തിന് ഗണിതത്തിന് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥിക്ക് 10,000 രൂപയും ഫലകവും വിദ്യാഭ്യാസ അവാർഡും നൽകും. കമ്മറ്റി അടുത്ത ദിവസം തന്നെ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുമെന്ന് ജൂറി അറിയിച്ചു.

Advertisement
Advertisement