
കൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവിനെതിരെ സേവ് ബി.ജെ.പി പോസ്റ്റർ. കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കാതെ എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും വോട്ട് കച്ചവടം നടത്തിയെന്ന് ആരോപിച്ച് മണ്ഡലം പ്രസിഡൻറ് കെ.എസ്.വിനോദിനെതിരെയാണ് നഗരത്തിൽ പലയിടങ്ങളിലായി പോസ്റ്റർ പതിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത്തവണ മൽസര രംഗത്തില്ലാത്തത് ഏറെ ചർച്ചയായിരുന്നു. നിലവിൽ ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കിൽ ശക്തമായ വോട്ട് സാനിധ്യം ബി.ജെ.പിക്കുണ്ട്. ബി.ജെ.പി മൽസര രംഗത്തില്ലാത്തതിനാൽ എൽ.ഡി.എഫ്-യു.ഡി.എഫ് പാനലുകളുടെ നേരിട്ടുള്ള മൽസരമാണ്. ജില്ലയിൽ ബി.ജെ.പിയുടെ ശക്തമായ സംഘടനാശേഷിയുള്ള പ്രദേശമാണ് കൊടുങ്ങല്ലൂരെന്നിരിക്കെ വോട്ട് സ്വാധീനമുള്ള സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിറുത്താത്തത് പാർട്ടിക്കുള്ളിലും തർക്കത്തിനിടയാക്കിയിട്ടുണ്ടെന്ന സൂചനയാണ് സേവ് ബി.ജെ.പി പോസ്റ്ററിലൂടെ പുറത്തെത്തുന്നത്.