‘ആദിത്യയും ആരഭിയും ആദ്യമിറങ്ങി ഒപ്പം നാടും’: കക്കൂസ് മാലിന്യം റോഡിലേക്കൊഴുകി യാത്രക്കാർക്ക് ദുരിതമാകുന്ന പൂങ്കുന്നത്ത് നാട്ടുകാർ വഴി തടഞ്ഞ് പ്രതിഷേധം

172

കക്കൂസ് മാലിന്യം റോഡിലേക്കൊഴുകി യാത്രക്കാർക്ക് ദുരിതമാകുന്ന പൂങ്കുന്നത്ത് നാട്ടുകാർ വഴി തടഞ്ഞു. സ്കൂളിൽ നിന്നും വരുന്നതിനിടെ മാലിന്യവെള്ളം ദേഹത്തേക്ക് തെറിച്ച് വീണ പൂങ്കുന്നം ഗ്രാമത്തിലെ സഹോദരികളായ വിദ്യാർഥികൾ ആദിത്യയും ആരഭിയുടെയും പ്രതിഷേധത്തിൽ നാട്ടുകാരും പങ്കു ചേരുകയായിരുന്നു. 10 മിനുട്ടോളം പ്രതിഷേധത്തിലായതോടെ വാഹന ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. കുട്ടികൾ പോലീസിനും പരാതി നൽകി. ഇടപെടാമെന്ന് പോലീസും ഉറപ്പ് നൽകിയതോടെയാണ് കുട്ടികൾ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ പൊതുപ്രവർത്തകൻ കെ കേശവദാസിന്റെ നേതൃത്വത്തിൽ കുട്ടികൾ കളക്ടർക്ക് പരാതി നൽകിയതിൽ ഉടൻ thannebതന്നെ പരിഹാരമുണ്ടാക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് എ.ഡി.എം നിർദേശം നൽകിയിരുന്നു. ആഴ്ചകളായി മാലിന്യം റോഡിലേക്ക് പൊട്ടിയൊഴുകിയിട്ടും ആരും തിരിഞ്ഞു നോക്കാത്തിരുന്നിടത്താണ് രണ്ട് കുട്ടികൾ പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. പൂങ്കുന്നം ഗ്രാമത്തിൽ വൃന്ദാവൻ കോളനിയിൽ ശിവസുധയിൽ സുദേവിന്റെ മക്കളാണ് തൃശൂർ വിവേകോദയം ഹയർ സെക്കന്റ്റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യയും തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആരഭിയും. ഇരുവരും സ്കൂളിൽ നിന്നും വരുമ്പോൾ വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ മാലിന്യ വെള്ളം ദേഹത്ത് തെറിച്ചതും വീടിനു സമീപത്തുള്ളയാൾ ഇവിടെ വീണ് അപകടമുണ്ടായതും കാണിച്ചായിരുന്നു പരാതി നൽകിയത്. പരാതി ലഭിച്ച കളക്ടർ ഇൻചാർജ് എ.ഡി. എം റെജി പി ജോസഫ് ഉടൻ തന്നെ കോർപറേഷൻ സെക്രട്ടറിയെ നേരിൽ ബന്ധപ്പെട്ട് അടിയന്തര നടപടിക്ക് നിർദേശം നൽകുകയായിരുന്നു.

Advertisement

പൂങ്കുന്നം പള്ളിക്ക് മുൻവശത്താണ് മാലിന്യ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത്. പള്ളിയിലേക്ക് വരുന്നവരും ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വരുന്നവരുമടക്കം ദുരിതമനുഭവിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിക്കുന്ന വെള്ളം ഇരു ചക്ര വാഹന യാത്രികരുടെയും കാൽനടയാത്രികരുടെയും ദേഹത്തേക്കും സമീപത്ത വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് വീഴുന്നത്. ദുർഗന്ധം നിറഞ്ഞ മലിനജലം സമീപത്ത് കാനയുണ്ടെങ്കിലും ഒഴുകിപ്പോകാൻ കഴിയാത്ത വിധത്തിലാണ് കെട്ടിക്കിടക്കുന്നത്. ആദ്യം വെള്ളം പുറത്തേക്കൊഴുകിയിരുന്നത് കോർപ്പറേഷനെ അറിയിച്ചപ്പോൾ മേയറടക്കം വന്ന് നോക്കി പോയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. കോട്ടപ്പുറം ഡിവിഷനിലുൾപ്പെട്ടതാണ് പ്രദേശം. ഡിവിഷൻ കൗൺസിലറോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ്  നാട്ടുകാരുടെ തീരുമാനം.

Advertisement