Home India Information ആവേശലഹരിയിൽ തൃശൂർ: പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യം തിരുവമ്പാടിയിൽ

ആവേശലഹരിയിൽ തൃശൂർ: പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യം തിരുവമ്പാടിയിൽ

0
ആവേശലഹരിയിൽ തൃശൂർ: പൂരത്തിന് ഇന്ന് കൊടിയേറും; ആദ്യം തിരുവമ്പാടിയിൽ

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറുക. പൂരത്തിന് താന്ത്രിക ചടങ്ങുകളേക്കാൾ പ്രധാനം പാരമ്പര്യ കീഴ്വഴക്കങ്ങൾക്കാണ്. പാരമ്പര്യാവകാശികളാണ് ഭൂമി പൂജ നടത്തുക. രാവിലെ 11.30നും 11.45നും ഇടയിലാണ് തിരുവമ്പാടിയിലെ കൊടിയേറ്റ്.

FB IMG 1682301026014

ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും ആൽമരത്തിലും തിരുവമ്പാടി വിഭാഗം കൊടി നാട്ടും. പാറമേക്കാവിൽ ഉച്ചക്ക് 12നാണ് കൊടിയേറ്റ്.

FB IMG 1682300961879

ഭൂമി പൂജക്ക് ശേഷം പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും. ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ എട്ടിനും- 8.15നും ഇടയിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ 11-11.15 നും ഇടയിലുമാണ് കൊടിയേറ്റ്. ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രത്തിൽ വൈകിട്ട് അഞ്ചിനും കണിമംഗലം ശാസ്താക്ഷേത്രത്തിൽ വൈകിട്ട് 6.30നും കുറ്റൂർ നെയ്തലക്കാവിലും ചിയ്യാരം പൂക്കാട്ടിക്കര – കാരമുക്ക് ഭഗവതി ക്ഷേത്രത്തിലും സന്ധ്യയ്ക്ക് ദീ പാരാധനയ്ക്കു ശേഷവും കൊടിയേറും. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ധർമശാസ്താ ക്ഷേത്രത്തിൽ വൈകിട്ട് 6.30നും 7.30നും ഇടയിലും ചൂരക്കാട്ടുകര ദുർഗാദേവി ക്ഷേത്രത്തിൽ രാത്രി 8.30നുമാണ് കൊടിയേറ്റ്. 30നാണ് പൂരം. മെയ് ഒന്നിന് ഉപചാരം ചൊല്ലും. 28നാണ് സാമ്പിൾ വെടിക്കെട്ട്.

കൊടിയേറ്റ് കഴിഞ്ഞാൽ

പാറമേക്കാവിൽ കൊടിയേറ്റിന് ശേഷം ചെമ്പടകൊട്ടി ഭഗവതിയെ ആറാട്ടിനായി പുറത്തേക്കെഴുന്നള്ളിക്കും. ചെമ്പട അവസാനിച്ച് പാണ്ടിമേളത്തോടും അഞ്ച് ആനകളോടും കൂടി കിഴക്കേ നടവഴി വടക്കുന്നാഥക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പ്രദക്ഷിണം വച്ച് വടക്കേ നടയിൽ മേളം അവസാനിപ്പിക്കും. കോലം ഇറക്കി തിടമ്പ് കൈയ്യിലെടുത്ത് വടക്കേനടവഴിയിറങ്ങി ചന്ദ്രപുഷ്കരണി തീർഥകുളത്തിൽ ആറാട്ട്. തിരുവമ്പാടിയിൽ കൊടിയേറ്റിന് ശേഷം ഉച്ചക്ക് 2.30ഓടെ പുറത്തേക്കെഴുന്നെള്ളും. നായ്ക്കനാലിലും നടുവിലാലിലും കൊടി നാട്ടും. നായ്ക്കനാലിൽ നിന്ന് ശ്രീമൂലസ്ഥാനം വരെ പാണ്ടിമേളം. മേളം അവസാനിപ്പിച്ച് തിരുവമ്പാടി ഭഗവതിക്ക് മാത്രം സഞ്ചരിക്കാനുള്ള വഴിലൂടെ എഴുന്നള്ളി റൗണ്ട് കടന്ന് നടുവിൽ മഠത്തിൽ ആറാട്ടിനായി പോകും. ഘടകക്ഷേത്രങ്ങളിൽ ഏറ്റവും ആദ്യം കൊടികയറുന്നത് ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ്. രാവിലെ എട്ടിനാണ് ഇവിടെ കൊടിയേറ്റ്. അവസാനം കൊടികയറുന്നത് കുറ്റൂർ നെയ്തലക്കാവിലാണ് രാത്രി എട്ടിന്.

ഇത്തവണ പുത്തൻ പൂരം

പുതുമകളുടേതാണ് ഇത്തവണത്തെ പൂരം. പാറമേക്കാവിന് ഇലഞ്ഞിത്തറയിൽ പെരുവനമൊഴിഞ്ഞ മേളത്തിന് കിഴക്കൂട്ടിന് പ്രമാണ അരങ്ങേറ്റം. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിക്ക് ചേരാനെല്ലൂരും പാറമേക്കാവിന് പഞ്ചവാദ്യത്തിൽ പരക്കാട് തങ്കപ്പൻമാരാർക്ക് പകരം ചോറ്റാനിക്കര നന്ദപ്പൻറെയും അരങ്ങേറ്റം. യുവതലമുറക്കും ഇത്തവണ പ്രമാണത്തിൽ സ്ഥാനക്കയറ്റം. വാദ്യമേളങ്ങൾ ഇത്തവണ കസറുമെന്നുറപ്പ്. പൂരത്തെ ആകർഷകമാക്കുന്ന ഗജനിരയിൽ ഇത്തവണ ഇതാദ്യമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും പാമ്പാടി രാജനും കൊമ്പൻ എറണാകുളം ശിവകുമാറും തിടമ്പേറ്റാനെത്തുന്നു. രാമചന്ദ്രന് ഇത് ഒരു പകരം വീട്ടൽ കൂടിയാണ്. തെക്കേനടയിൽ വിളംബരത്തിന് ജനാരവം തീർത്ത കൊമ്പനെ പിന്നീട് നിയന്ത്രണത്തിൻറെ പേരിൽ ഒഴിവാക്കി. പൂരത്തിൽ പങ്കെടുക്കാനാവാത്തവനെന്ന ദുഷ്പേരിനെ തിടമ്പേറ്റിയെത്തി മറുപടി നൽകുകയാണ് ഇത്തവണ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. പൂരം കൊഴുക്കാൻ വേറെയെന്ത് വേണം. മുൻ വർഷങ്ങളിൽ നിന്നും ഇത്തവണ കുടമാറ്റം സമയം കുറച്ചാണ് പുതുമ. കാത്തിരിക്കുന്നത് വിസ്മയ പ്രകടനങ്ങൾ തന്നെയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് തേക്കിൻകാട് മൈതാനിയിലെ ഷെഡ് മാറ്റുന്നതിൽ ഒടുവിൽ ധാരണയായി. പെസോ നിർദേശം പാലിക്കുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകളെത്തുമെന്ന ഇന്റലിജൻറ്സ് വിഭാഗത്തിൻറെ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷയടക്കമുള്ള സൗകര്യങ്ങളും ജില്ലാ ഭരണകൂടം വിപുലമായാണ് ഒരുക്കുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ പ്രദേശത്ത് കുടിവെള്ളവും, സംഭാര വിതരണവുമുണ്ടാകും. ദേവസ്വങ്ങളും ഇത്തവണ വെള്ളം സൗകര്യമൊരുക്കും. പൂരത്തെ ആകർഷകമാക്കുന്ന സ്വരാജ് റൗണ്ടിലെ പന്തലുകൾ അവസാന നിർമാണ പ്രവൃത്തികളിലാണ്. സാമ്പിൾ നാളിൽ പന്തലുകളും നിറച്ചാർത്തണിയും.

പാറമേക്കാവിന്റെ പൂരം ലഘുലേഖ ഇന്ന് പുറത്തിറങ്ങും

പാറമേക്കാവ് ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഈ വർഷത്തെ തൃശൂർ പൂരത്തിൻ്റെ ലഘുരേഖ പ്രകാശനം ഇന്ന് നടക്കും. രാവിലെ 11ന് ക്ഷേത്രനടയിൽ ദേവസ്വം അധികൃതർ മേള പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാർക്ക് കൈമാറി പ്രകാശനം ചെയ്യും.

സുരക്ഷ ശക്തമാക്കി പൊലീസ്

FB IMG 1682271346438

പൂരത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കിയതായി കമീഷണർ അങ്കിത് അശോകൻ അറിയിച്ചു. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് കുറ്റവാളികൾ നഗരത്തിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മുൻകൂട്ടികണ്ട് രാത്രിയും പകലും നഗരത്തിൽ പൊലീസ് പട്രോളിങ്ങ് ഊർജ്ജിതമാക്കി. ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ താമസക്കാരായെത്തുന്നവരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും സി.സി.ടി.വി സംവിധാനം കാര്യക്ഷമമായി നടപ്പാക്കണമെന്നും ലോഡ്ജ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം കാര്യക്ഷമമാക്കി. ഉത്സവ സമയങ്ങളിൽ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കുറ്റവാളികൾ നുഴഞ്ഞുകയറി അതിക്രമങ്ങൾ ഇല്ലാതിരിക്കാൻ ഷാഡോ പൊലീസുദ്യോഗസ്ഥരേയും, മഫ്ടി പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേക വനിതാ പൊലീസ് സംഘത്തെ നിയോഗിക്കും. മോഷണം, പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളേയും കുട്ടികളേയും അപമാനിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. പൂരം പ്രദർശനനഗരിയിലുൾപ്പെടെ, നഗരത്തെ വിവിധ മേഖലകളാക്കി തിരിച്ച് പോലീസുദ്യോഗസ്ഥർക്ക് ക്രമസമാധാന ചുമതലകൾ നൽകിയിരിക്കുന്നു. കുറ്റവാളികളെ തിരിച്ചറിയാൻ നിരീക്ഷണപാടവമുള്ള പോലീസുദ്യോഗസ്ഥരെ നഗരത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കും.  മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളടങ്ങിയ കമ്പ്യൂട്ടർ ഡാറ്റ ബേസുകൾ ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ പൊലീസുദ്യോഗസ്ഥർക്കും ലഭ്യമാക്കും. കുറ്റവാളികളെ എളുപ്പത്തിൽ തിരിച്ചറിയാനാണിത്. ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ കുറ്റവാളികളെ പ്രത്യേക നിരീക്ഷണം നടത്തും. നഗരത്തിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന മുന്നുറിലധികം സി.സി.ടി.വി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ 24 മണിക്കൂറും പൊലീസ് കൺട്രോൾ റൂമിൽ നിരീക്ഷിക്കും. സ്വകാര്യവ്യക്തികളും, സ്ഥാപനങ്ങളും, ബാങ്കിങ്ങ്-ധനകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും കമീഷണർ നിർദ്ദേശിച്ചു. ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളും നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ ക്രമസമാധാന അന്തരീക്ഷം  കൃത്യമായി അവലോകനം ചെയ്ത് റിപ്പോർട്ട് ചെയ്യുന്നതിന്  ജില്ലാ സ്പെഷൽ ബ്രാഞ്ച് അസി.കമ്മീഷണർ കെ. സുമേഷിനെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതികൾ അറിയിക്കുന്നതിന് ബന്ധപ്പെടുക : 112, തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 2424193, ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ : 0487 2424192.

പൂരത്തിന്‍റെ പ്രധാന തിയതികളും ചടങ്ങുകളും

ഏപ്രിൽ 27 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് ചേറ്റുപുഴ ഇറക്കം. ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം, വൈകുന്നേരം 7.00 മണിക്ക് സാമ്പിൾ വെടിക്കെട്ട്, ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 12.00 വരെ ചമയ പ്രദർശനം, ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, 2.00 മണിക്ക് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം 5.00 മണിക്ക് തെക്കോട്ടിറക്കം, കുടമാറ്റം, രാത്രി 10.30ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും നടക്കും. മേയ് 1 തിങ്കളാഴ്ചയാണ് പകൽപ്പൂരം. അന്ന് പുലർച്ചെ 3.00 മണിക്ക് വെടിക്കെട്ട്, ഉച്ചയ്ക്ക് 12.00 മണിക്ക് ഉപചാരം ചൊല്ലൽ, തുടർന്ന് പകൽ വെടിക്കെട്ട്, വൈകുന്നേരം 5.390ന് ആറാട്ട്, 6.00 മണിക്ക് പഞ്ചവാദ്യം, 8.00 മണിക്ക് മേളം, കൊടിയിറക്കം എന്നിങ്ങനെയാണ് വരുന്ന ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here