Home Kerala Thrissur പൂരത്തിൽ ഷഷ്ട്യാബ്ദിയിൽ: ശങ്കരംകുളങ്ങര മണികണ്ഠന് പൂരനാടിന്റെ ആദരം

പൂരത്തിൽ ഷഷ്ട്യാബ്ദിയിൽ: ശങ്കരംകുളങ്ങര മണികണ്ഠന് പൂരനാടിന്റെ ആദരം

0
പൂരത്തിൽ ഷഷ്ട്യാബ്ദിയിൽ: ശങ്കരംകുളങ്ങര മണികണ്ഠന് പൂരനാടിന്റെ ആദരം

തൃശൂർ പൂരത്തിൽ അര നൂറ്റാണ്ടിലേറെയായി പങ്കെടുക്കുന്ന ശങ്കരംകുളങ്ങര മണികണ്ഠന് പൂരപ്രേമികളുടെ ആദരം. പൂങ്കുന്നം പൗരാവലിയുടെയും യുവ സംസ്കാരയുടേയും നേതൃത്വത്തിലാണ് പൂരത്തലേന്ന് ആദരിച്ചത്. തൃശൂർ പൂരത്തിന്റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിൻറെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെയായി 58 വർഷത്തോളം സജീവ സാനിധ്യമാണ് ശങ്കരംകുളങ്ങര മണികണ്ഠൻ. പുരം നടക്കാതെപോയ വർഷങ്ങളുടെ ഇളവ് പരിഗണിച്ചാണ് അരനൂറ്റാണ്ടിലേറെയെന്ന പൂരാസ്വാദകരുടെ കണക്ക്. തൃശൂർ പൂരത്തിൽ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പിൽ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ദേവസ്വത്തിന്റെ ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻറെ പ്രത്യേക താൽപ്പര്യത്തിലാണ് നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ മൂന്ന് വയസുകാരൻ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിച്ചത്. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലിൽ തിടമ്പുമായി നിൽക്കുന്ന ദൗത്യം മണികണ്ഠനായിരുന്നു. ഇപ്പോൾ മഠത്തിലേക്കുള്ള വരവിൽ തിടമ്പേറ്റുന്നതും നെയ്തലക്കാവിൻറെ കോലമേന്തുന്നതും മണികണ്ഠനാണ്. വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ പൊന്നാടയും പുരസ്കാരവും നൽകി മണികണ്ഠനെ ആദരിച്ചു. ശങ്കരംകുളങ്ങര ദേവസ്വം പ്രസിഡണ്ട് പ്രശാന്ത് മറുവഞ്ചേരി സെക്രട്ടറി രതീഷ് മേനോൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മുൻ മന്ത്രി അഡ്വ വി.എസ് സുനിൽകുമാർ പാപ്പാന്മാരെ പൊന്നാട നൽകി ആദരിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് ഡോ ടി.എസ് സുന്ദർ മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ എന്നിവർ ഓണപ്പുടവ സമ്മാനിച്ചു. യുവ സംസ്കാര ജനറൽ സെക്രട്ടറി കെ കേശവദാസ് സ്വാഗതവും പൂങ്കുന്നം പൗരാവലി ചെയർമാൻ അഡ്വ ആശിഷ് മൂത്തേടത്ത് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ ഐ മനീഷ് കുമാർ, ജയദേവ് ശ്യാം, കൂര്യൻ മുട്ടത്ത് , ജയപ്രകാശ്, അരുൺ ടി നായർ , പ്രസാദ് പ്ലാക്കാട്ട്, വിഘ്നേഷ്, ശ്രീരാം, ഗണേഷ്, ജയകൃഷ്ണൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here