Home programes തൃശൂരിൽ പൂരാവേശം ‘കൊടിയേറി’

തൃശൂരിൽ പൂരാവേശം ‘കൊടിയേറി’

0
തൃശൂരിൽ പൂരാവേശം ‘കൊടിയേറി’

പൂരവേശത്തിന് തിരി കൊളുത്തി തൃശൂർ  പൂരത്തിന്  കൊടികയറി. രാവിലെ 11.30 ന് തിരുവമ്പാടിയിലും, 11.50 ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടൊപ്പം ഘടക ക്ഷേത്രങ്ങളിലും പൂരം  കൊടിയേറി. ഘടക് ക്ഷേത്രങ്ങളിൽ ആദ്യം ലാലൂരിലാണ് കൊടിയേറിയത്. പ്രധാന പങ്കാളി ക്ഷേത്രങ്ങൾ ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. പാരമ്പര്യാവകാശികളായ താഴത്തുപുരക്കൽ സുന്ദരൻ, സുഷിത്ത് എന്നിവർ ഭൂമിപൂജ നടത്തി ഒരുക്കി നൽകിയ കൊടിമരത്തിൽ പൂജിച്ച കൊടിക്കൂറ ചാർത്തി, ദേശക്കാർ ഉപചാരപൂർവം ആർപ്പ് വിളിച്ച് കൊടിമരം നാട്ടി കൊടിക്കൂറ ഉയർത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി.
പാറമേക്കാവില്‍ പാരമ്പര്യാവകാശി ചെമ്പിൽ കുട്ടനാശാരി ഒരുക്കിയ കൊടിമരത്തിൽ സിംഹ മുദ്രയുള്ള പതാക ചാർത്തി.
വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടിമരം ഉയർത്തി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടി.
കൊടിയേറ്റിന് ശേഷം പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഉണ്ടായി. ഇലഞ്ഞിത്തറക്ക് മുൻപുള്ള തയ്യാറെടുപ്പ് പോലെ കിഴക്കൂട്ടിന്റെ ചെമ്പടപെരുക്കം. ഇരു ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറിയതോടെ പൂരനാട് തട്ടകം ആവേശത്തിലേക്ക് കടന്നു. പുതുമകളുടേതാണ് ഇത്തവണത്തെ പൂരം. പാറമേക്കാവിന് ഇലഞ്ഞിത്തറയിൽ പെരുവനമൊഴിഞ്ഞ മേളത്തിന് കിഴക്കൂട്ടിന് പ്രമാണ അരങ്ങേറ്റം. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിക്ക് ചേരാനെല്ലൂരും പാറമേക്കാവിന് പഞ്ചവാദ്യത്തിൽ പരക്കാട് തങ്കപ്പൻമാരാർക്ക് പകരം ചോറ്റാനിക്കര നന്ദപ്പൻറെയും അരങ്ങേറ്റം. യുവതലമുറക്കും ഇത്തവണ പ്രമാണത്തിൽ സ്ഥാനക്കയറ്റം. വാദ്യമേളങ്ങൾ ഇത്തവണ കസറുമെന്നുറപ്പ്. പൂരത്തെ ആകർഷകമാക്കുന്ന ഗജനിരയിൽ ഇത്തവണ ഇതാദ്യമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും പാമ്പാടി രാജനും കൊമ്പൻ എറണാകുളം ശിവകുമാറും തിടമ്പേറ്റാനെത്തുന്നു. രാമചന്ദ്രന് ഇത് ഒരു പകരം വീട്ടൽ കൂടിയാണ്. തെക്കേനടയിൽ വിളംബരത്തിന് ജനാരവം തീർത്ത കൊമ്പനെ പിന്നീട് നിയന്ത്രണത്തിൻറെ പേരിൽ ഒഴിവാക്കി. പൂരത്തിൽ പങ്കെടുക്കാനാവാത്തവനെന്ന ദുഷ്പേരിനെ തിടമ്പേറ്റിയെത്തി മറുപടി നൽകുകയാണ് ഇത്തവണ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. പൂരം കൊഴുക്കാൻ വേറെയെന്ത് വേണം. മുൻ വർഷങ്ങളിൽ നിന്നും ഇത്തവണ കുടമാറ്റം സമയം കുറച്ചാണ് പുതുമ. കാത്തിരിക്കുന്നത് വിസ്മയ പ്രകടനങ്ങൾ തന്നെയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് തേക്കിൻകാട് മൈതാനിയിലെ ഷെഡ് മാറ്റുന്നതിൽ ഒടുവിൽ ധാരണയായി. പെസോ നിർദേശം പാലിക്കുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകളെത്തുമെന്ന ഇൻറലിജൻറ്സ് വിഭാഗത്തിൻറെ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷയടക്കമുള്ള സൗകര്യങ്ങളും ജില്ലാ ഭരണകൂടം വിപുലമായാണ് ഒരുക്കുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ പ്രദേശത്ത് കുടിവെള്ളവും, സംഭാര വിതരണവുമുണ്ടാകും. ദേവസ്വങ്ങളും ഇത്തവണ വെള്ളം സൗകര്യമൊരുക്കും. പൂരത്തെ ആകർഷകമാക്കുന്ന സ്വരാജ് റൗണ്ടിലെ പന്തലുകൾ അവസാന നിർമാണ പ്രവൃത്തികളിലാണ്. സാമ്പിൾ നാളിൽ പന്തലുകളും നിറച്ചാർത്തണിയും.

LEAVE A REPLY

Please enter your comment!
Please enter your name here