ജില്ലാ സാംസ്കാരികോൽസവം ചെ.പ്പു.കോ.വെ വിവാദത്തിൽ: രമ്യ ഹരിദാസ് എം.പിയെ ഒഴിവാക്കി നോട്ടീസ്; പ്രതിഷേധാർഹമെന്ന് കോൺഗ്രസ്; എം.പിയെ നേരിൽ ക്ഷണിച്ചുവെന്ന് പി.കെ.ഡേവീസ്

24

ചെ.പ്പു.കോ.വെ എന്ന പേരിൽ നടത്തുന്ന ജില്ലാ സാംസ്കാരികത്സവത്തിലെ കാര്യ പരിപാടി നോട്ടീസിൽ നിന്നും രമ്യ ഹരിദാസ് എം.പിയെ ഒഴിവാക്കിയത് വിവാദത്തിൽ. 17 മുതൽ മൂന്ന് നാളിലാണ്തൃശൂരിൽ സാംസ്കാരികോൽസവം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് കലാമണ്ഡലം ഗോപി ഉദ്ഘാടനംനിർവഹിക്കും. ജില്ലയിലെ സാംസ്കാരിക പ്രവർത്തകരും മന്ത്രിമാർ, എം.എൽ.എമാർ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചതായി നോട്ടീസിലുണ്ട്. തൃശൂർ, ചാലക്കുടി എം.പിമാരും നോട്ടീസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ പേര് നോട്ടീസിലില്ലാത്തതാണ് വിവാദമായത്. ജില്ലയുടെ മൂന്ന് നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ എം.പി കൂടിയായിട്ടും പേര് ഒഴിവാക്കിയത് വീഴ്ചയാണെന്നും പ്രതിഷേധാർഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡൻറുമായ അഡ്വ.ജോസഫ് ടാജറ്റ് വിമർശിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ടാജറ്റ് പ്രതിഷേധമറിയിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 22-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന സാംസ്കാരികോൽത്സവത്തെ സംബന്ധിച്ച് ഭരണ സമിതിയോഗത്തിൽ കൂടിയാലോചന നടത്താതിരുന്നതിനെ സംബന്ധിച്ചും യോഗത്തിൽ പ്രതിഷേധമറിയി്ച്ചു. എല്ലാവരെയും ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടത്തേണ്ട പരിപാടി പരീക്ഷകൾ നടക്കുന്ന സമയത്തും പദ്ധതി നിർവ്വഹണത്തിന്റെ അന്തിമഘട്ട സമയമായ മാർച്ച് മാസത്തിൽ തന്നെ വെച്ചത് ശരിയായില്ലെന്ന് യു.ഡി.എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി ജിമ്മി ചൂണ്ടൽ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് എടുക്കേണ്ട തീരുമാനങ്ങൾ മറ്റെവിടെയോ തീരുമാനിക്കുന്നത് ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. പരിപാടിയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിനുശേഷമാണ് അജണ്ട വെച്ച് വ്യാഴാഴ്ച യോഗം വിളിച്ചത്. ഇത് നടപടി ക്രമങ്ങളിലെ വീഴ്ചയാണ്. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഡിസംബറിൽ പരിപാടി നടത്താൻ തീരുമാനിച്ച് അനുമതിക്കായി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിക്ക് അയച്ചതിനുശേഷം പിന്നീട് ചർച്ച നടന്നിട്ടില്ലെന്ന് പാർലിമെന്ററി പാർട്ടി ഭാരവാഹികളായ ലീല സുബ്രമണ്യൻ, ശോഭന ഗോകുൽനാഥ് എന്നിവർ പറഞ്ഞു. ഈ വർഷത്തെ പദ്ധതി പൂർത്തീകരിക്കാൻ വേണ്ടിയാണ് മാർച്ചിൽ തന്നെ നടത്തുന്നതെന്നും എം.പിയെ നേരിൽ ക്ഷണിച്ചിട്ടുണ്ടെന്നും ചർച്ചകൾക്ക് മറുപടി നൽകിയ പ്രസിഡൻറ് പി.കെ.ഡേവീസ് അറിയിച്ചു.

Advertisement
Advertisement