റവന്യു പൂരത്തിന് തൃശൂരിൽ തുടക്കം; സാംസ്‌കാരിക ഘോഷയാത്ര വൈകീട്ട്, മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

59

സംസ്ഥാന റവന്യൂ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Advertisement

4 വേദികള്‍ 39 മത്സരയിനങ്ങള്‍

വൈകീട്ട് 3.30ന് തൃശൂര്‍ റൗണ്ടില്‍ വര്‍ണാഭമായ ഘോഷയാത്ര

കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാകും. വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ ആര്‍ ബിന്ദു, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് എന്നിവര്‍ പങ്കെടുക്കും. വിശിഷ്ട സാന്നിധ്യമായി കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, പ്രൊഫ കെ സച്ചിദാനന്ദന്‍, സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സിനിമാ താരങ്ങളായ ഇന്നസെന്റ്, ടി ജി രവി, ഹരിശ്രീ അശോകന്‍, ജയരാജ് വാര്യര്‍, ഫുട്‌ബോള്‍താരം ഐ എം വിജയന്‍, സംഗീതജ്ഞരായ വിദ്യാധരന്‍ മാസ്റ്റര്‍, ഹരിനാരായണന്‍ തുടങ്ങിയ കലാ-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 21 പേര്‍ ഒരുമിച്ച് തിരിതെളിയിക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് സ്വാഗതവും ലാന്റ് റവന്യൂ കമ്മീഷ്ണര്‍ കെ ബിജു കലോത്സവ വിശദീകരണവും ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍ നന്ദിയും അറിയിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 3.30 ന് വര്‍ണാഭമായ ഘോഷയാത്ര സിഎംഎസ് സ്‌കൂളിന് മുന്നില്‍ നിന്ന് ആരംഭിക്കും.
വാദ്യ മേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയില്‍ താലൂക്ക്തലത്തില്‍ മത്സരവും നടക്കും. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാത്രി ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നാടന്‍ കലാ സന്ധ്യ അരങ്ങേറും.

രാവിലെ 9 മണിമുതല്‍ സംസ്ഥാന റവന്യൂ കലോത്സവ വേദികള്‍ ഉണരും. വേദി ഒന്ന് തേക്കിന്‍കാട് മൈതാനിയില്‍ ഭരതനാട്യം ആരംഭിക്കും. തുടര്‍ച്ച് ഉച്ചയ്ക്ക് 1.30 ന് നാടോടിനൃത്തം മത്സരം നടക്കും. വേദി 2 ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ ലളിതഗാന മത്സരം, ഉച്ചയ്ക്ക് 1.30 മുതല്‍ നാടന്‍ പാട്ട് ഗ്രൂപ്പ് മത്സരങ്ങള്‍ തുടര്‍ന്ന് രാത്രി 7 മുതല്‍ ഓട്ടന്‍തുള്ളല്‍ മത്സരം എന്നിവയും നടക്കും.

ജില്ലാ കലക്ടര്‍മാര്‍, റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാനും പരിപോഷിപ്പിക്കുവാനും അവസരം നല്‍കുകയും ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോല്‍സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ റവന്യൂ കലോല്‍സവം നടക്കുന്നത് ഇതാദ്യമായാണ്. ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി വിജയിച്ചവരാണ് സംസ്ഥാനതല കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
14 ജില്ലാ ടീമുകളും ഒരു ഹെഡ്‌കോര്‍ട്ടേഴ്‌സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ തമ്മിലായിരിക്കും മല്‍സരം. 8 ഗ്രൂപ്പ് ഇനങ്ങള്‍ ഉള്‍പ്പെടെ 39 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ജൂണ്‍ 25, 26 തിയ്യതികളില്‍ തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി കൂടുതല്‍ കലാമത്സരങ്ങള്‍ നടക്കും.

ജൂണ്‍ 25, 26 തിയ്യതികളിലെ
മത്സര ഷെഡ്യൂള്‍:

ജൂണ്‍ 25 – പ്രധാന വേദിയില്‍ മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മൈം
ടൗണ്‍ ഹാളിലെ വേദി 2 ല്‍ മാപ്പിളപ്പാട്ട്, ഒപ്പന,
വേദി 3 റീജിയണല്‍ തീയേറ്ററില്‍ നാടകം
സിഎംഎസ് എച്ച് എസ് എസിലെ മിനി ഓഡിറ്റോറിയംവേദി 4 ല്‍ തബല, മൃദംഗം, ഗിറ്റാര്‍, വയലിന്‍ കര്‍ണാടിക്, വയലിന്‍ വെസ്റ്റേണ്‍ തുടങ്ങിയവ.
സിഎംഎസ് എച്ച് എസ് എസില്‍ തന്നെ ഒരുക്കിയിരിക്കുന്ന വേദി 5 ല്‍ രചനാമത്സരങ്ങള്‍, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍

ജൂണ്‍ 26 – വേദി 1 ല്‍ തിരുവാതിര, നാടോടിനൃത്തം
വേദി 2 ടൗണ്‍ ഹാളില്‍ കര്‍ണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യൂസിക്
വേദി 3 റീജിയണല്‍ തീയേറ്ററില്‍ മിമിക്രി, മോണോആക്ട്
വേദി 4 സിഎംഎസ് എച്ച് എസ് എസ് മിനി ഓഡിറ്റോറിയത്തില്‍ കവിതാലാപനം, പ്രസംഗം.

Advertisement