കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനത്തിൽ വീണ്ടും റൂട്ട് മാറ്റം. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കുന്ന അമിത് ഷാ കുട്ടനെല്ലൂരിലെ ഹെലിപാഡിലാണ് ഇറങ്ങുക. ശോഭ സിറ്റിയിലെ ഹെലിപാഡിലാണ് ലാൻഡിംഗ് തീരുമാനിച്ചിരുന്നതെങ്കിലും റോഡ് നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ സുരക്ഷാ സൗകര്യങ്ങൾ ബുദ്ധിമുട്ടിലാവുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് പറയുന്നു. പോലീസ് നൽകിയ സാഹചര്യം കേന്ദ്ര സുരക്ഷാ ഏജൻസി പരിശോധിച്ചു. ഇത് അംഗീകരിച്ചാണ് റൂട്ട് മാറ്റം. ഹെലിപ്പാട് മാറ്റം കേരള പോലീസിന് കേന്ദ്ര ഏജൻസികൾ ഔദ്യോഗികമായി അറിയിച്ചു. മറ്റ് സന്ദർശന പരിപാടികളിൽ മാറ്റമില്ല. ഉച്ച കഴിഞ്ഞ് രണ്ടോടെ കുട്ടനെല്ലൂർ ഹെലിപ്പാടിൽ ബി.ജെ.പി നേതാക്കൾ സ്വീകരിക്കും. ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ ആദ്യ പരിപാടി. തൃശൂരിൻ്റെ വികസനത്തിനും സാംസ്കാരിക പുരോഗതിക്കും അടിത്തറയിട്ട യാളെന്ന നിലക്കാണ് ശക്തനെ അനുസ്മരിക്കുന്നത്. മൂന്ന് മണിക്ക് തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ ബി ജെ പി ഭാരവാഹിയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. ജോയ് പാലസിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് തെക്കേ ഗോപുരനടയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ അര ലക്ഷം പേർ പങ്കെടുക്കുമെന്ന് എം.ടി.രമേശ് പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തും. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി ദൽഹിക്ക് മടങ്ങും.
റോഡ് നിർമാണം: അമിത്ഷായുടെ തൃശൂർ സന്ദർശനത്തിൽ വീണ്ടും റൂട്ട് മാറ്റം; ശോഭാസിറ്റിയിലെ ഹെലികോപ്റ്ററിലെ ഇറക്കം റദ്ദാക്കി
Advertisement
Advertisement