Home Kerala Thrissur തൃശൂർ പൂരത്തിരക്കിൽ: സാമ്പിൾ വെടിക്കെട്ട് ഇന്ന്; ആകാശത്ത് കാണാം കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനും; ചമയ പ്രദർശനം തുടങ്ങി

തൃശൂർ പൂരത്തിരക്കിൽ: സാമ്പിൾ വെടിക്കെട്ട് ഇന്ന്; ആകാശത്ത് കാണാം കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനും; ചമയ പ്രദർശനം തുടങ്ങി

0
തൃശൂർ പൂരത്തിരക്കിൽ: സാമ്പിൾ വെടിക്കെട്ട് ഇന്ന്; ആകാശത്ത് കാണാം കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും  റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനും; ചമയ പ്രദർശനം തുടങ്ങി

തൃശൂരിൽ ഇന്ന് വർണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. വിസ്മയക്കൂട്ടുകളൊരുക്കിയാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കാത്തിരിക്കുന്നത്. ഇത്തവണ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വ്യത്യസ്ഥമായിരിക്കും. ആകര്‍ഷകമായ വര്‍ണങ്ങളുമായി ആകാശത്ത് വിരിയുന്നത് സ്ഥിരം കാഴ്ചകളല്ല എന്നതു തന്നെയാണ് അതിന് കാരണം. കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലും പാളത്തിലോടിത്തുടങ്ങിയ വന്ദേ ഭാരതും ഇത്തവണ പൂരത്തിന്റെ വെട്ടിക്കെട്ട് കാഴ്ചകളില്‍ ആകാശത്ത് വിരിയും. ഇന്ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സാംമ്പിള്‍ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേഭാരത്. പ്രഹരശേഷി കുറച്ച് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വെടിക്കെട്ട്. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി. ഇതിനായുള്ള തയാറെടുപ്പുകള്‍ നേരത്തെ തുടങ്ങി. വെടിമരുന്നുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വെടിപുരകളിലെത്തിച്ച് പണികളാരംഭിച്ചത്. ഓരോ ദേവസ്വത്തിന്റെയും വെടിക്കെട്ട് പുരയിലും മുപ്പതില്‍ കുറയാത്ത തൊഴിലാളികളുണ്ട്. ശിവകാശിയില്‍ നിന്നു വരെ പണിക്കാരെത്തിയട്ടുണ്ട്. എന്തായാലും സംഭവം കളറായിരിക്കുമെന്നാണ് പൂരപ്രേമികള്‍ പറയുന്നത്. കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും ഫ്‌ളാഗ്ഫ്‌ളാഷുമായി രംഗം കൊഴുപ്പിക്കാന്‍ എത്തുന്ന തിരുവമ്പാടിക്ക് സില്‍വര്‍ഫിഷും റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനുമായി പാറമേക്കാവ് മറുപടി നല്‍കും. ട്രെയിന്‍ പായുന്നതിനു സമാനമായാണ് വന്ദേഭാരതിന്റെ വരവെങ്കില്‍ റെയില്‍പ്പാളം തീര്‍ത്താണ് കെ. റെയില്‍ വിടരുക. ചുവന്ന ഇല കൊഴിക്കുന്ന റെഡ്‌ലീഫ്, തീക്കൂട്ടം മിന്നിമറയുന്ന ഫ്‌ളാഗ്ഫ്‌ളാഷ് എന്നിവയും ആകര്‍ഷകമാകും. അക്വേറിയത്തിലെന്ന പോലെ മത്സ്യക്കൂട്ടങ്ങള്‍ തത്തിക്കളിക്കുന്ന കാഴ്ചയാണ് സില്‍വര്‍ഫിഷ് അമിട്ട്. താഴേക്കു വീഴുന്ന തീനാളങ്ങള്‍ പാമ്പുപോലെ വളഞ്ഞുപുളയുന്നതാണ് റെഡ് സ്‌നേക്ക്. 10 മിനിറ്റോളം നേരം പുകയുടെ വിതാനമൊരുക്കുന്നതാണ് സ്‌മോക് സ്‌ക്രീന്‍. ദുബായ് വെടിക്കെട്ടു മാതൃകയിലാണ് ഇതൊരുക്കുന്നത്. ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കു മുകളില്‍ പൂരനഗരിയെ കശക്കിയെറിയുന്ന അഗ്നിവിസ്‌ഫോടനത്തിനൊടുവില്‍ മാരിവില്ലഴക് വിരിയും. നിലയമിട്ടുകളും പകിരിയും തീതുപ്പുന്ന ഡയമണ്ട് അമിട്ടുകളും പായും. ഒന്നില്‍നിന്നു പലവിതാനങ്ങളിലേക്കു പൊട്ടിവിടരുന്ന നിലയമിട്ടുകളും സൂര്യകാന്തിയും മുഖംകാണിക്കാനെത്തുമ്പോള്‍ പഴയകാല വെടിക്കെട്ടിന്റെ ഫീല്‍. പുതിയ കാലത്തിന്റെ കണക്കില്‍ ചേര്‍ത്തുവക്കാന്‍ എല്‍.ഇ.ഡി. അമിട്ടുകളുമുണ്ട്. ഇരുവിഭാഗവും വെടിക്കെട്ടിനു ശേഷം 200 അമിട്ടുകള്‍ പൊട്ടിക്കും. ഗുണ്ട്, ഓലപ്പടക്കം,അമിട്ട്, കുഴിമിന്നി എന്നിങ്ങനെ സംഗീതാത്മകമായാണ് വെടിക്കെട്ട് ഒരുക്കുകയെന്നതാണ് തൃശൂര്‍ പൂരത്തിന്റെ പ്രത്യേകത. കൂട്ടപ്പൊരിച്ചിലില്‍ എത്തുമ്പോള്‍ സംഗീതം കൂട്ടിത്തട്ടിയപോലെ ഇരമ്പും. മുന്‍പ് ശക്തന്‍തമ്പുരാന് മുന്നില്‍ അരങ്ങേറിയിരുന്ന കോലോത്തുംപൂരത്തിനോടനുബന്ധിച്ചാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തിയിരുന്നത്. രാജഭരണം മാറിയതോടെ വെടിക്കെട്ട് മാത്രമായി.   കര്‍ശന നിബന്ധനകളോടെയാണ് സാമ്പിള്‍ വെടിക്കെട്ട് ഒരുക്കുന്നതെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. പെസോ, പൊലീസ്, ജില്ലാഭരണകൂടം എന്നിവരുടെ മാറിമാറിയുള്ള പരിശോധനകള്‍ക്കൊടുവിലാണ് തീ കൊളുത്തുക. ഇന്നത്തെ സാമ്പിളില്‍ 2000 കിലോഗ്രാം വെടിക്കെട്ട് കത്തിക്കും. മുഖ്യവെടിക്കെട്ടിനും പകല്‍ പൂരത്തിന്റെ വെടിക്കെട്ടിനും 2000 കിലോ വീതം ഉപയോഗിക്കും. പെസോ നിര്‍ദേശമനുസരിച്ച് മാഗസിനോട് അനുബന്ധിച്ചുള്ള ജോലിക്കാരുടെ ഷെഡ് 20 മീറ്റര്‍ അകലേക്കു മാറ്റിയിട്ടുണ്ട്. മുന്‍പ് ഒരേസമയം എല്ലാ വെടിക്കെട്ടുകള്‍ക്കുമുള്ള മരുന്നുകള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇക്കുറി ഓരോ നേരത്തെ വെടിക്കെട്ടിനും അനുവദിച്ച വെടിക്കോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനാണ്. കണ്‍വീനര്‍ പി. ശശിധരന്‍. പാറമേക്കാവ് ലൈസന്‍സി പി.സി. വര്‍ഗീസ്. കണ്‍വീനര്‍ ജി. രാജേഷ്. ഊഴമനുസരിച്ച് ആദ്യം തിരുവമ്പാടിയാണ് രാത്രി ഏഴിന് തീ കൊളുത്തുക. ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം.

LEAVE A REPLY

Please enter your comment!
Please enter your name here