
പൂരനഗരിയെ പ്രകമ്പനം കൊള്ളിച്ച് സാമ്പിൾ വെടിക്കെട്ട്. ശബ്ദത്തോടൊപ്പം നിറങ്ങൾക്കും പ്രാധാന്യം നൽകിയ സാമ്പിൾ പതിനായിരക്കണക്കിന് കരിമരുന്നുപ്രേമികൾ നെഞ്ചേറ്റി. വരാനിരിക്കുന്ന വെടിക്കെട്ടിന്റെ പൊലിമയുടെ വിളംബരമായി വെള്ളിയാഴ്‌ച രാത്രി നടന്ന സാമ്പിൾ വെടിക്കെട്ട്.
കർശന പരിശോധനയ്‌ക്കുശേഷം രാത്രി 7.25ന് തിരുവമ്പാടി വിഭാഗമാണ് സാമ്പിളിന് ആദ്യം തിരികൊളുത്തിയത്. മൂന്നുമിനിറ്റ് നീണ്ടു. ഓലയിൽനിന്ന് തുടങ്ങി, പടർന്നു പന്തലിച്ച് ഗുണ്ട്, ഡൈന, കുഴിമിന്നൽ… അഗ്നിഗോളമായി കൂട്ടപ്പൊരിച്ചിൽ. 7.41ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തീ കൊളുത്തി. അഗ്നിവർഷം അഞ്ചുമിനിറ്റോളം നീണ്ടു.
ഒന്നിനൊന്ന് മികച്ചതായിരുന്നു ഇരുകൂട്ടരുടേയും സാമ്പിൾ. പാറമേക്കാവിനായി മുണ്ടത്തിക്കോട് പന്തലാംകോട് സതീഷും തിരുവമ്പാടിക്കായി മറ്റത്തൂർ പാലാട്ടി കൂനത്താൻ പി സി വർഗീസുമാണ് വെടിക്കോപ്പുകൾ ഒരുക്കുന്നത്. കെ റെയിൽ സിൽവർലൈനും വന്ദേഭാരതും കണക്കേ ചീറിപ്പായുന്ന അമിട്ടുകൾ സതീഷിന്റെ കരവിരുതിൽ മാനത്ത് മിന്നിത്തിളങ്ങി. ചുവന്ന ഇലകൾ പൊഴിക്കുംപോലെ റെഡ് ലീഫും ഫ്‌ളാഷ്‌ലൈറ്റും ഉൾപ്പെടെ 45തരം അമിട്ടുകൾ വിരിഞ്ഞു.
സിൽവർ ലൈനിന് സാമ്യമുള്ള സിൽവർഫിഷായിരുന്നു പാറമേക്കാവിന്റെ സ്‌പെഷ്യൽ. ആകാശത്തേക്ക് ഉയർന്നു കഴിഞ്ഞ് ആദ്യം പൊട്ടിവിരിഞ്ഞശേഷം അതിൽനിന്ന് മരത്തിന്റെ ചില്ലകൾപോലെ വിടരുന്ന ‘രോമാഞ്ചം’ സ്‌പെഷ്യൽ അമിട്ടും മാനത്ത് വിരിയിച്ചു. ഓസ്‌കാർ പുരസ്‌കാരം നേടിയ ആർആർആറിന് അഭിവാദ്യമർപ്പിച്ച് മൂന്നുനിറങ്ങൾ ചേർത്തുള്ള സ്‌പെഷ്യൽ അമിട്ടും ഏവരുടേയും മനം കീഴടക്കി.
സ്‌പെഷ്യൽ ഇനങ്ങൾക്കു പുറമേ പരമ്പരാഗത ശൈലിക്ക് ഊന്നൽ നൽകിയാണ് ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്. ചുവന്ന നിറമുള്ള പാമ്പുകൾ, ആകാശത്ത് പൊട്ടിവിരിയുന്ന റെഡ് അലർട്ടുമെല്ലാമായി ഇരുകൂട്ടരും സാമ്പിൾ പൊരിച്ചു.