
ഗുരുവായൂർ ക്ഷേത്രത്തിലെ വൈശാഖ മാസത്തിലെ തിരക്ക് കണക്കിലെടുത്ത് 23 മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള
പൊതു ഒഴിവ് ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സ്പെഷ്യൽ ദർശനം ഒഴിവാക്കി.
വൈശാഖ മാസം അവസാനിക്കുന്ന മെയ് 19 വരെയാണ് ഈ ക്രമീകരണം. പൊതുവരി നിൽക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം സാധ്യമാക്കുന്നതിന് ദേവസ്വത്തോട് സഹകരിക്കണമെന്ന് ചെയർമാൻ ഡോ വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു.
ദർശനത്തിനുള്ള ഭക്തരുടെ വരി തെക്കേ നടപ്പന്തലും നിറഞ്ഞ് പടിഞ്ഞാറെ നട പന്തൽ വരെ എത്തി. തിരക്ക് നിയന്ത്രിക്കാനായി ഉച്ച പൂജ കഴിഞ്ഞ ശേഷം കൊടി മരം വഴി നേരെ ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ കയറ്റി വിട്ടു. ചുറ്റമ്പല പ്രദിക്ഷണവും ശയന പ്രദിക്ഷണവും അനുവദിച്ചിരുന്നില്ല. മേല്പത്തൂർ ഓഡിറ്റോറിയതിന് തെക്ക് ഭാഗത്ത് നിർമിച്ച താല്ക്കാലിക പന്തലിലേക്ക് ഭക്തരുടെ വരി എത്തിച്ചില്ല.
നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 12,00 ,230 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. തുലാഭാരം വഴിപാട് വക യിൽ 20,89,365 രൂപയും ക്ഷേത്രത്തിലേക്ക് ലഭിച്ചു, പാൽപായസം 5,92,526 രൂപക്കും നെയ്പായസം 1,58,220 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു. 456 കുരുന്നുകൾക്കും വൈശാഖ മാസ ആരംഭ ദിനത്തിൽ ചോറൂൺ നൽകി. ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ് 1,68,300 രൂപയും കിട്ടി ഇന്ന് ഭണ്ഡാര ഇതര വരുമാനമായി അകെ 60,16,128 രൂപയാണ് ഭഗവാന് ലഭിച്ചത്