ആറാം വിളക്കിന് സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി ശ്രീ ഗുരുവായൂരപ്പൻ; ദൃശ്യവിരുന്നായി
‘രാധാമാധവം’ നൃത്താവിഷ്ക്കാരം

12

ഭക്തർക്ക് ആനന്ദ കാഴ്ചയായി ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. അനുഗ്രഹദായകനായ ശ്രീ ഗുരുവായൂരപ്പൻ്റെ ദർശന പുണ്യം ലഭിച്ച ഭക്തസഹസ്രങ്ങൾ അളവറ്റ നിർവൃതിയിലായി.

Advertisement
FB IMG 1678304851512

ഗുരുവായൂർ ഉത്സവത്തിൻ്റെ ആറാം വിളക്ക് ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കു കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമെഴുന്നളളിച്ചു. മുരളീകൃഷ്ണരൂപവും 191 സ്വർണപൂക്കളും മരതകപ്പച്ചയും വീരശൃംഖലയും ചാർത്തിയ സ്വർണ്ണക്കോലം പൊൻപ്രഭയുടെ ചാരുതയായി. ഇനിയുള്ള വിളക്ക് ദിവസങ്ങളിൽ സ്വർണ്ണക്കോലം ഭക്തർക്ക് ദർശന സായൂജ്യമാകും

ഉൽസവം, ഏകാദശി ,അഷ്ടമിരോഹിണി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കാറ്.

ഭക്തിനിർഭരമായി മുടിയേറ്റ്

FB IMG 1678304568014

മധ്യകേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റ് ഭക്തി സാന്ദ്രമായി.ഗുരുവായൂർ ഉൽസവത്തിൻ്റെ ആറാം ദിനം വൈഷ്ണവം വേദിക്ക് സമീപമാണ് മുടിയേറ്റ് അരങ്ങേറിയത്.പുന്നക്കൽ കുഞ്ഞൻ മാരാർ സ്മാരക ഗുരുകുലം മുടിയേറ്റ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു അവതരണം. ഭദ്രകാളീദേവിയുടെ ദാരികനിഗ്രഹമായിരുന്നു പ്രമേയം.

ദൃശ്യവിരുന്നായി
‘രാധാമാധവം’ നൃത്താവിഷ്ക്കാരം

FB IMG 1678304645354


ആസ്വാദകർക്ക് ദൃശ്യവിരുന്നായി രാധാമാധവം നൃത്താവിഷ്ക്കാരം. പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിച്ച കലാരൂപമാണ് ഗുരുവായൂർ ഉൽസവ വേദിയെ ആനന്ദത്തിലാക്കിയത്.

മോഹിനിയാട്ടവും കഥകളിയും ഇടകലർത്തി രംഗസംവിധാനം ചെയ്ത നൃത്തപരിപാടിയായിരുന്നു ഇത് .ജീവാത്മാവായ രാധയുടെയും പരമാത്മാവായ കൃഷ്ണന്റെയും പ്രണയവും വിരഹവും മാത്രമല്ല ഭക്തിയുടെ പാരമ്യത്താൽ ജീവാത്മാവായ രാധയുടെ പരമാത്മാവിലേക്കുള്ള ലയനവുംകൂടി നൃത്താവിഷ്ക്കാരത്തിൽ ദൃശ്യമായി.
സദനം ബാലകൃഷ്ണൻ രചിച്ച ഈ ഭക്തികാവ്യത്തിന് പാലക്കാട് സൂര്യനാരായണനും കലാമണ്ഡലംജയപ്രകാശും സംയുക്തമായിട്ടാണ് രാഗമാലികയിലും താളമാലികയിലും സംഗീതം നിർവ്വഹിച്ചത്.
ഗുരു സദനം ബാലകൃഷ്ണനും പല്ലവികൃഷ്ണനും ചേർന്ന് ചിട്ടപ്പെടുത്തിയതാണ് ഈ നൃത്താവിഷ്‌ക്കാരം. പല്ലവികൃഷ്ണന് പുറമെ കലാമണ്ഡലം ഷീന സുനിൽ , കലാമണ്ഡലം ജയശ്രീ ഹരികൃഷ്ണൻ എന്നിവരോടൊപ്പം കഥകളി കലാകാരന്മാരായ കലാമണ്ഡലം തുളസി , കലാമണ്ഡലം ശബരീനാഥ് , കലാമണ്ഡലം വിശാഖ് എന്നിവരും രംഗവേദിയിയിലെത്തി. വായ്പാട്ടിൽ സദനം ജ്യോതിഷ് ബാബു , മൃദംഗത്തിലും മദ്ദളത്തിലും കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ട, ഇടക്ക എന്നിവയിൽ കലാമണ്ഡലം അരുൺദാസ് , എന്നിവരോടൊപ്പം പുല്ലാംകുഴലിൽ മുരളീ നാരായണനും , അരങ്ങിൽ ഒത്തുചേർന്നു.

Advertisement