തെരുവുനായ ശല്യം: കുന്നംകുളം ഗവ. ഗേൾസ് സ്കൂൾ കോമ്പൗണ്ടിൽ ക്യാമറ നിരീക്ഷണം

7

കുന്നംകുളം നഗരസഭ പരിധിയിലെ ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്ക് സ്കൂളിൽ നിന്ന് തെരുവുനായയുടെ കടിയേറ്റതിനെ  തുടർന്ന് കോമ്പൗണ്ടിൽ ക്യാമറകൾ സജ്ജമാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തീരുമാനം.
സംഭവത്തെ തുടർന്ന് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. 

Advertisement

സ്കൂളിലെ ഗേറ്റുകൾ രാവിലെ കുട്ടികൾ എത്തിയാലും വൈകിട്ട് സ്കൂൾ വിട്ടാലും സുരക്ഷിതമായി അടച്ചിടും. പ്രദേശവാസികളുടെ സ്കൂളിനുള്ളിലൂടെയുള്ള വഴിനടത്തം ഒഴിവാക്കാനും തീരുമാനിച്ചു. ഭക്ഷണാവശിഷ്ടങ്ങൾ  നിശ്ചിത പാത്രത്തിൽ മാത്രം സൂക്ഷിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും നൽകും. 

സ്കൂളിലും പരിസരങ്ങളിലും നായ്ക്കൾ തമ്പടിക്കാതിരിക്കാൻ കാടുപടലങ്ങൾ വെട്ടിത്തെളിക്കും. സംഭവത്തെ തുടർന്ന് കുട്ടികൾക്കിടയിൽ ഉണ്ടായ ആശങ്ക പരിഹരിക്കാൻ സ്കൂളിലെ കൗൺസലിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണം നൽകും. നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനമായി.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷെബീർ അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി സോമശേഖരൻ, കൗൺസിലർ ലബീബ് ഹസ്സൻ, ഹൈസ്കൂൾ പ്രധാനധ്യാപകൻ അബ്ദുൽ നാസർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്യാം, എൽ പി പ്രധാനധ്യാപിക ലൈസി, നഗരസഭ  ആരോഗ്യ വിഭാഗം എച്ച് എസ് കെ എസ് ലക്ഷ്മണൻ, പി ടി എ പ്രസിഡൻ്റ് ശ്രീകാന്ത്, ആശാ വർക്കർമാർ, അങ്കണവാടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം എ സി മൊയ്തീൻ എം.എൽ.എയും  നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും ഗവ.ഗേൾസ് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.

Advertisement