
കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിക്ക് മകന്റെ ദക്ഷിണയായി നൃത്തകലാ പഠനകേന്ദ്രം. ഗോപിയാശാന്റെ പേരിൽ ‘ഗുരുകൃപ’ കലാക്ഷേത്രം നൃത്ത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പേരാമംഗലം എട്ടാം വാർഡിലാണ് കലാമണ്ഡലം ഗോപിയുടെ പേരിൽ മകനും കഥകളി കലാകാരനുമായ രഘുരാജനും ഭാര്യ കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ സംഗീതാധ്യാപിക കൂടിയായ കലാമണ്ഡലം ശ്രീകലയും ചേർന്നാണ് ‘ഗുരുകൃപ കലാക്ഷേത്രം’ സജ്ജമാക്കിയത്. വീട്ടിൽ നൃത്തവും പാട്ടും പരിശീലനം നൽകിയിരുന്നത് പുതിയ ‘ഗുരുകൃപ’ കലാക്ഷേത്രത്തിലേക്ക് മാറ്റി. ഗോപിയാശാന്റെ വീടിന്റെ പേരാണ് ഗുരുകൃപയെന്നത്. അച്ഛന്റെ പേരിലുള്ളതായതിനാൽ ഇത് തന്നെ നൃത്തകലാ കേന്ദ്രത്തിനും നൽകുകയായിരുന്നുവെന്ന് രഘുരാജൻ പറഞ്ഞു. വാർഡ് അംഗം മിനി പുഷ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാമണ്ഡലം ഗോപി കലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അമ്മമാരായ ചന്ദ്രികാ ഗോപി, വത്സല മോഹനൻ എന്നിവരും സഹോദരൻ ജയരാജ് ഗുരുകൃപ, കലാമണ്ഡലം കൃഷ്ണകുമാർ, മെഡിക്കൽ കോളേജ് സീനിയർ സർജൻ ഡോ.ശ്രീകുമാർ, നർത്തകി മിനിബാനർജി, കലാമണ്ഡലം ശ്രീകല എന്നിവരും സംസാരിച്ചു. ഗുരുകൃപ കലാക്ഷേത്രം വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുടെ അവതരണവുമുണ്ടായി. അവതരിപ്പിച്ചു