തീര സംരക്ഷണത്തിന് പുന്നയൂര്‍ പഞ്ചായത്തിന്റെ കരിമ്പന ബെല്‍റ്റ്

0

കടല്‍ തീര സംരക്ഷണത്തിനായി കരിമ്പന ബെല്‍റ്റ് നടീല്‍ പദ്ധതിയുമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്. കേരള വനം-വന്യജീവി വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എന്‍എസ്എസ് യൂണിറ്റ് എന്നിവര്‍ കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട്, കൊല്ലംകോട് ഭാഗത്തുനിന്ന് കരിമ്പന വിത്തുകള്‍ ശേഖരിച്ച് കടല്‍ തീരത്തെ മണലില്‍ കുഴിച്ചിടുന്നു. ഇവ രണ്ട് വര്‍ഷം കൊണ്ട് മണ്ണില്‍ വേരൂന്നി കടല്‍ തീര സംരക്ഷണത്തിനുള്ള ബെല്‍റ്റാകും. പ്രത്യേക പരിപാലനം കൂടാതെ മണ്ണിലിറങ്ങി പരിമിതമായ വെള്ളത്തില്‍ വളരാന്‍ കരിമ്പനയ്ക്ക് സാധിക്കും.

Advertisement

പഞ്ചവടി കടപ്പുറത്ത് 300 വിത്തുകള്‍ പാകിയാണ് കടല്‍ തീര സംരക്ഷണത്തിന് തുടക്കം കുറിച്ചത്. മൂന്ന് മീറ്റര്‍ വ്യത്യാസത്തില്‍ ഒന്നര കിലോമീറ്റര്‍ വിത്തുകളാണ് നട്ടത്. ജൂലൈ മാസത്തില്‍ നടക്കുന്ന വനമഹോത്സവവുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട്, കടപ്പുറം ഭാഗങ്ങളില്‍ കൂടുതല്‍ കരിമ്പന വിത്തുകള്‍ നടാനാണ് തീരുമാനം.

IMG 20220614 WA0088

പഞ്ചവടി കടപ്പുറത്ത് നടന്ന കരിമ്പന ബെല്‍റ്റ് നടീല്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റേഞ്ച് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ എം കെ രഞ്ജിത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ബി അനില്‍കുമാര്‍, ശ്രീകൃഷ്ണ കോളേജ് എന്‍എസ്എസ് അധ്യാപകന്‍ ഡോ.മിഥുന്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement