
വേനൽമഴ ശക്തമായി തുടരുന്നു. പൂരത്തിന് തടസമില്ലാതെ മാറി നിന്ന മഴ തൃശൂരിൽ പെയ്യുകയാണ്. താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടായി. മലയോര മേഖലകളിലും മഴ തുടരുകയാണ്. തൃശൂർ നഗരത്തിൽ അശ്വനി ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയുടെ കോറിഡോറിലേക്കടക്കം വെള്ളം കയറിയ നിലയിലാണ്. ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണത്തിലെ അപാകതയാണ് കാരണമായത്. റോഡ് പണി പലയിടത്തും നിലച്ചതോടെ ഗതാഗതം ദുഷ്കരമാണ്. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളും പലരും തുടങ്ങിയിട്ടില്ല. അതെ സമയം ഇന്നും വേനൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.