സുരേഷ് ഗോപി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; തൃശൂരിൽ വൻ സ്വീകരണമൊരുക്കി താരത്തെ കാത്ത് ബി.ജെ.പി

43

തൃശൂർ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ഓടെ തൃശൂരിൽ എത്തുന്ന അദ്ദേഹം പാർട്ടി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷമാണ് തൃശൂർ കളക്ട്രേറ്റിൽ പത്രിക സമർപ്പിക്കുക.

ബിജെപി വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വിവിധ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് വർദ്ധനവിനൊപ്പം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ വിജയ സാധ്യതയല്ല മത്സര സാധ്യതയാണ് തൃശൂരിലെന്ന് സുരേഷ് ഗോപി പറഞ്ഞതിൽ നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്തിയുണ്ട്.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.