വടക്കും നാഥനെ വണങ്ങി സുരേഷ് ഗോപിയുടെ പ്രചരണത്തിന് തുടക്കമായി: ശബരിമല വൈകാരിക വിഷയമെന്ന് സുരേഷ് ഗോപി, ഇത്തവണ തൃശൂർ എടുക്കുകയല്ല ജനങ്ങൾ തരികയാണെന്നും താരം; റോഡ് ഷോ വൈകീട്ട്

70

വടക്കും നാഥനെ വണങ്ങി തൃശൂർ നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണപരിപാടികൾ ആരംഭിച്ചു. മണ്ഡലത്തിലെ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സ്ഥാനാർത്ഥിയുടെ പരിപാടികളിൽ മുഖ്യം. നാല് മണിക്ക് റോഡ് ഷോ ആരംഭിക്കുന്നതോടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമല്ല വൈകാരിക വിഷയമാണെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. സുപ്രീം കോടതിയ വിധിയുടെ പേര് പറഞ്ഞ് ക്ഷേത്രങ്ങൾ തകർക്കാൻ എത്തിയവർക്ക് ക്ക് മറുപടി ജനം നൽകും. എല്ലാ മതങ്ങളിലും ഉള്ളവർക്കുള്ള തുല്യപരിഗണന ഹൈന്ദവർക്കും ലഭിക്കണം. സാംസ്കാരിക തലസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി എം.എൽ.എ എന്നതിനപ്പുറം അർപ്പണബോധത്തോടെ പ്രവർത്തിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂ‍ർ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു പറഞ്ഞത് എന്നാൽ ഇത്തവണ തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരും. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർക്കാർക്ക് പറ്റിയ തെറ്റ് ഇത്തവണ അവർ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.