തളിക്കുളം സ്നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. പാമ്പൂര്‍ സ്വദേശി ബിജുവിന്റെ മകന് സ്മിഥുന്റെ (20) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പാമ്പൂര്‍ സ്വദേശി പല്ലിശ്ശേരി വീട്ടില്‍ സന്തോഷ് മകന് വില്വിന്റെ (22) മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളായ നാല് പേര് കൂടിയാണ് ഇന്നലെ വൈകീട്ട് കടല്‍ കാണാനായി തളിക്കുളം സ്നേഹതീരത്തെത്തിയത്. വില്വിനും സ്മിഥുനും കടലില്‍ കുളിക്കാനിറങ്ങിയത് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. തീരത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് രണ്ട് പേര് കടലില്‍ ഒഴുക്കില്‍പ്പെട്ടതായി അറിയുന്നത്.
യുവാക്കള്‍ ഒഴുക്കില്‍ അകപ്പടുന്നത് കടലില്‍ കുളിച്ചുകൊണ്ടിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ കൈകള്‍ കോര്ത്ത്പിടിച്ച് യുവാക്കളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. പൊലീസും മത്സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വൈകീട്ട് 6മണിയോടെ വില്വിലിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒഴിവ് ദിവസമായതിനാല്‍ തളിക്കുളം സ്നേഹതീരത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.