Home Kerala Thrissur ഇലഞ്ഞിത്തറയിൽ പൂത്തുലഞ്ഞ് ‘പുത്തൻ മേള’വിസ്മയം

ഇലഞ്ഞിത്തറയിൽ പൂത്തുലഞ്ഞ് ‘പുത്തൻ മേള’വിസ്മയം

0
ഇലഞ്ഞിത്തറയിൽ പൂത്തുലഞ്ഞ് ‘പുത്തൻ മേള’വിസ്മയം

കിഴക്കൂട്ടിന്റെ അരങ്ങേറ്റ പ്രമാണത്തിൽ ഇലഞ്ഞിത്തറയിൽ പൂത്തുലഞ്ഞത് മേളവിസ്മയം. രജതജൂബിലിക്ക് ഒരു വർഷം ബാക്കി നിൽക്കെ പെരുവനം കുട്ടന്‍മാരാരെ നീക്കി കിഴക്കൂട്ട് അനിയൻമാരാരെ ചുമതലപ്പെടുത്തിയ പാറമേക്കാവിന്റെ തീരുമാനവും തന്നെ ഏൽപ്പിച്ച നിയോഗവും പത്തരമാറ്റിന്റെ തിളക്കത്തോടെ കിഴക്കോട്ട് നിർവഹിച്ചു. ഇലഞ്ഞിത്തറയിലെ പുത്തൻമേളത്തെ മേളാസ്വാദകർ നിറഞ്ഞാസ്വദിച്ചു. ചെമ്പടതാളത്തില്‍ തുടങ്ങിയ പെരുക്കം കൂട്ടിത്തട്ടിലെത്തിയപ്പോള്‍ ജനത്തിനു സര്‍വനിയന്ത്രണവുമറ്റു. നിന്നനില്‍പ്പില്‍ സകലരും ഇളകിയാടി. ലോകം മുഴുവന്‍ പൂരപ്രേമികള്‍ ഈ മഹാനുഭവത്തെ നെഞ്ചേറ്റി. ശ്രീവടക്കുന്നാഥന്റെ മുറ്റത്ത് ഇലഞ്ഞിത്തണലില്‍ മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ മാരാരുടെ നേതൃത്വത്തില്‍ 300 ഓളം കലാകാരന്മാരാണ് അണിനിരന്നത്. തൃശൂർ പൂരത്തിൽ അരനൂറ്റാണ്ട് പിന്നിട്ട്, 76ാം വയസിലെത്തിയ കിഴക്കൂട്ടിന്റെ ഇലഞ്ഞിത്തറയിലെ അരങ്ങേറ്റ പ്രമാണം കൂടിയായിരുന്നു ഇത്തവണത്തെ പൂരം. ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലേക്ക് എഴുന്നള്ളിയത്. പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായുള്ള മേളത്തിന്റെ അകമ്പടിയോടെയാണ് പാറമേക്കാവ് ഭഗവതി വടക്കുന്നാഥനിലെ ഇലഞ്ഞിച്ചോട്ടിലേക്ക് എഴുന്നള്ളിയത്. തൃടര്‍ന്ന് കിഴക്കൂട്ടിന്റെ ഉരുട്ടുചെണ്ടയില്‍ ഇലഞ്ഞിത്തറമേളത്തിന്റെ താളമുതിര്‍ന്നു. പെരുവനം സതീശനും തിരുവല്ല രാധാകൃഷ്ണനും മേളത്തിന്റെ ആവേശയാത്രയ്ക്ക് തുണയായി നിരന്നു. പതികാലത്തില്‍ തുടങ്ങി പെരുക്കങ്ങളോരോന്നും കൊട്ടി മുന്നേറുന്നതിനൊപ്പം വടക്കുന്നാഥന്റെ ക്ഷേത്രമുറ്റം പൂരാവേശത്തിന്റെ ആരവത്തിലമര്‍ന്നു. ഇടമുറിയാതെ പെയ്തിറങ്ങിയ മേളവര്‍ഷത്തില്‍ അലിഞ്ഞ് ജനം താളത്തിനൊപ്പം കൈകളുയര്‍ത്തി താളംപിടിച്ച് മേളക്കാര്‍ക്ക് പിന്തുണയേകി. താളത്തിനൊത്ത് വായുവില്‍ താളംപിടിച്ച് ഒരേ താളത്തില്‍ വായുവിലുലഞ്ഞാടിയ കൈകള്‍ തിരത്താളം തീര്‍ത്തത് പുത്തന്‍ ദൃശ്യാനുഭവമായി.

LEAVE A REPLY

Please enter your comment!
Please enter your name here