പാലിയേക്കര ടോൾപ്ലാസയിൽ സൗജന്യയാത്രാ പാസ് ഉപയോഗിക്കുന്നവർ പകുതിയിലേറെ കുറഞ്ഞു: ഒൻപത് പഞ്ചായത്തുകൾക്ക് താമസ സർട്ടിഫിക്കറ്റ് വേണ്ട

56

പാലിയേക്കര ടോൾപ്ലാസയിൽനിന്ന് അനുവദിക്കുന്ന സൗജന്യയാത്രാ പാസ് ഉപയോഗിക്കുന്നവർ പകുതിയിലേറെ കുറഞ്ഞു. നേരത്തേ 49905 വാഹനങ്ങൾക്കാണ് സൗജന്യയാത്രയ്ക്കുള്ള സ്മാർട്ട് കാർഡ് അനുവദിച്ചിരുന്നത്. എന്നാൽ പാസ് അനുവദിക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതോടെ ഇപ്പോൾ ഫ്രീപാസ് ഉപയോഗിക്കുന്നത് 24000 വാഹനങ്ങൾ മാത്രമാണ്. കഴിഞ്ഞദിവസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ടോൾപ്ലാസ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

മാസത്തിൽ ഒരുതവണയെങ്കിലും പാസ് ഉപയോഗിച്ച് ടോൾപ്ലാസ കടന്നുപോകാത്ത വാഹനങ്ങളുടെ യാത്രാസൗജന്യം റദ്ദാക്കണമെന്ന ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ നിർദേശം യോഗം അംഗീകരിച്ചില്ല. മന്ത്രി കെ. രാജൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ് എന്നിവരെല്ലാം ഈ ആവശ്യത്തെ എതിർത്തു. യാത്രക്കാർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഒന്നും പിൻവലിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് പകരം മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന സർക്കാർ നിർദേശം വന്നതോടെ ടോൾപ്ലാസയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിൽ യാത്രാസൗജന്യം ലഭിച്ചിരുന്ന വാഹന ഉടമകൾ ദുരിതത്തിലായിരുന്നു. അതത് പഞ്ചായത്തുകൾ താമസസർട്ടിഫിക്കറ്റ് അനുവദിക്കാൻ വിസമ്മതിക്കുന്നതായിരുന്നു പ്രശ്നം. ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒൻപത് പഞ്ചായത്തുകളിലെ വാഹന ഉടമകളെ സൗജന്യ ടോൾപാസിന് താമസസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കാൻ നിർദേശം. ചൊവ്വാഴ്ച വൈകീട്ട് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് നിർദേശമുണ്ടായത്. കൊടകര, മറ്റത്തൂർ, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, അളഗപ്പനഗർ, നെന്മണിക്കര, തൃക്കൂർ, വല്ലച്ചിറ പഞ്ചായത്തുകൾക്കാണ് ആനുകൂല്യം ലഭിക്കുക.ദൂരപരിധി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന പഞ്ചായത്തുകളിലെ താമസക്കാർക്ക് അതത് പഞ്ചായത്തുകൾ താമസ സർട്ടിഫിക്കറ്റ് അനുവദിക്കുകയാണെങ്കിൽ യാത്രാസൗജന്യം ലഭിക്കും. ഏതൊക്കെ വാർഡുകൾ പത്ത് കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുമെന്ന് അതത് പഞ്ചായത്ത് രേഖാമൂലം ടോൾ അധികൃതരെ അറിയിക്കണം.