Home Kerala Thrissur നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് വിളംബരം നടത്തി; തൃശൂരിന് ഇനി പൂരം

നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് വിളംബരം നടത്തി; തൃശൂരിന് ഇനി പൂരം

0
നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് വിളംബരം നടത്തി; തൃശൂരിന് ഇനി പൂരം

ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം.
ആയിര കണക്കിന് പൂര പ്രേമികളുടെ മനസിൽ ആഹ്ളാദ പെരുമഴ തീർത്ത് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാറാണ് നട തുറന്നത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും കാത്തിരുന്ന പൂര പ്രേമികൾ ആരവങ്ങൾ മുഴക്കി പൂരങ്ങളുടെ പൂരത്തിന് സ്വാഗതമരുളി.
രാവിലെ നെയ്തലക്കാവ് ഭഗവതി കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ശിരസിൽ എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂര പറമ്പിലെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയേകി. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പിൽ എത്തിയ നെയ്തലക്കാവിലമ്മ പൂരം നടത്തുന്നതിന് അനുമതി തേടി. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പിൽ പ്രവേശിച്ച ഭഗവതി നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെയാണ് തെക്കേ ഗോപുരത്തിനുള്ളിലെത്തിയത്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം ഇറങ്ങി  ചടങ്ങുകൾ തുടങ്ങിയതോടെ
ഇനി തൃശൂരിന് പൂരാവേശത്തിന്റെ മണിക്കൂറുകളാണ്.അതേ സമയം തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദർശനം തുടരുകയാണ്. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ആനച്ചമയങ്ങളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരങ്ങളും നെറ്റി പട്ടങ്ങളുമൊക്കെയായി പൂരപ്രേമികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഇരു ദേവസ്വങ്ങളും. ഇന്ന് രാത്രി 12വരെ ചമയപ്രര്‍ശനം തുടരും. പൂരം ഞായറാഴ്ചയും പിറ്റേന്ന് മേയ്ദിന അവധിയുമായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനങ്ങൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം പേർ വരെ കുടമാറ്റം മാത്രം കാണാൻ എത്താറുണ്ട്. കൊടും ചൂടായാലും വേനൽമഴ പെയ്താലും ഈയാണ്ടിൽ റെക്കാഡ് ജനങ്ങളുണ്ടാകുമെന്നാണ് പൊലീസും കരുതുന്നത്. ഇന്നലെ തുടങ്ങിയ ഇരുദേവസ്വങ്ങളുടേയും ആനച്ചമയപ്രദർശനത്തിൻ്റെ സുന്ദരകാഴ്ചകൾ ഇന്ന് രാത്രി പന്ത്രണ്ടുമണിവരെയുണ്ടാകും. ചമയപ്രദർശനത്തിന് മുൻവർഷങ്ങളേക്കാൾ തിരക്കായിരുന്നു.
നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കെഗോപുര നടയിലൂടെയാണ് പൂരത്തിന് ആദ്യമെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. പൂര ദിവസം ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻമാരാർ പ്രമാണം വഹിക്കുന്ന പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. തിങ്കളാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here