15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും

121

15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും. പുന്നം പറമ്പ് ചാലിശ്ശേരി നാരായണനെ (64) ആണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരം ഏഴ് വർഷവും,  25000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരു കൊല്ലവും 10000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു. 2014 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത തക്കത്തിൽ ഇയാൾ  അതിജീവിതയെ  പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മയും മകളും പ്രതിയുടെ ഭീഷണിയെ തുടർന്ന് വാടക സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവെങ്കിലും അവിടെയെല്ലാമെത്തി ഭീഷണിയും ശല്യം തുടർന്നതായും മൊഴി നൽകിയിരുന്നു. അതിജീവിതയുടെ മൊഴി വൈരുദ്ധ്യങ്ങളില്ലാത്ത പക്ഷം തെളിവിൽ സ്വീകാര്യമാണെന്ന പോക്സോ നിയമത്തിലെ 29, 30 വകുപ്പുകളാണ് പ്രതിയുടെ ശിക്ഷയിലേക്ക് നയിച്ചത്.  സംരക്ഷകനാകേണ്ടയാൾ തന്നെ  പീഡകനായ സംഭവത്തിൽ പ്രതി ഒരു തരത്തിലുള്ള ദയക്കും അർഹനല്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരി വെച്ചു.  രണ്ട് വർഷത്തോളം പല സ്ഥലങ്ങളിൽ വെച്ച് കുട്ടി പ്രതിയുടെ പീഡനത്തിനിരയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ ഹാജരാക്കി 12 രേഖകൾ തെളിവിൽ സ്വീകരിച്ചു.  വടക്കാഞ്ചേരി എസ്. ഐ. കൃഷ്ണൻ പോറ്റി  രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ മാരായ ഇ.വി. ജോണി, സുബിഷ് മോൻ കെ. എസ്  എന്നിവർ അന്വേഷണം നടത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. അജയ് കുമാർ ഹാജരായി.

Advertisement
Advertisement