ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പുകളിൽ..?; തീരുമാനിക്കാൻ വെള്ളിയാഴ്ച യോഗം

35

ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. വെള്ളിയാഴ്ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. യോഗത്തിലെ പ്രധാന അജണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ എഴുന്നെള്ളിപ്പിന് അനുമതി നൽകുന്നതാണ്. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു. ഇതിന് ശേഷം 2020 മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. പൂരത്തിൽ പങ്കെടുപ്പിക്കാനാവുമോയെന്ന വിധത്തിലായിരുന്നു അന്ന് അനുമതി നൽകിയതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പൂരം ഒഴിവാക്കിയതോടെ രാമചന്ദ്രൻ പങ്കെടുക്കാറുള്ള തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങ് ഒഴിവാക്കിയിരുന്നു. നാല് പാപ്പാൻമാർ കൂടെയും ആളുകൾക്കിടയിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധിയിലും ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്തിയും വേണം എഴുന്നെള്ളിക്കാനെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ പിന്നീട് ഉൽസവ എഴുന്നെള്ളിപ്പുകൾ ഇല്ലാതായതോടെ രാമചന്ദ്രന്റെ എഴുന്നെള്ളിപ്പ് പിന്നീട് നടന്നില്ല. ആരോഗ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഴുന്നെള്ളിപ്പിന് അനുമതി നൽകാനാണ് ആലോചന. ആറിന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാനിധ്യത്തിൽ തൃശൂർ പൂരം സംബന്ധിച്ച് അവലോകന യോഗം ചേരുന്നുണ്ട്. അതിന് മുമ്പ് ഉൽസവ എഴുന്നെള്ളിപ്പുകളെ കുറിച്ച് തീരുമാനമെടുക്കുന്നതിനാണ് നാട്ടാന നിരീക്ഷണ സമിതി യോഗം അഞ്ചിന് വെച്ചിരിക്കുന്നതെന്നാണ് സൂചന. അതോടൊപ്പം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ നിലവിലുള്ള അംഗങ്ങൾക്ക് പുറമെ സി.പി.ഐ നിയന്ത്രിത ആന ഉടമസംഘടനയായ കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതും അഞ്ചിന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുന്നതിലുണ്ട്.