കളക്ടറുടെ കച്ചേരിയോടെ തിരുവമ്പാടി ക്ഷേത്രത്തിലെ ഏകാദശി സംഗീതോൽസവത്തിന് തുടക്കമായി

980

കളക്ടർ ഹരിത വി.കുമാറിന്റെ കച്ചേരിയോടെ തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോൽസവത്തിന് തുടക്കമായി. മേൽശാന്തി വടക്കേകപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി ചന്ദ്രശേഖരൻ, സെക്രട്ടറി എം. രവികുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ആദ്യ കച്ചേരിയായിരുന്നു കളക്ടർ ഹരിത വി.കുമാറിന്റേത്. ‘നന്ദനന്ദന’ എന്ന രാഗമാലികയിൽ ഉള്ള കൃതിയാണ് കളക്ടർ പാടിയത്. ആറ് ദിവസം നീണ്ട് നിൽക്കുന്ന സംഗീതോൽസവത്തിൽ ദിവസവും രാവിലെ ആറ് മുതൽ സംഗീതാരാധന ആരംഭിക്കും. 10ന് വൈകീട്ട് 6.30ന് എ.ഇ. വാമനൻ നമ്പൂതിരിയുടെ കച്ചേരിയും 11ന് മുടികൊണ്ടാൻ രമേശിന്റെ വീണക്കച്ചേരിയും 12ന് മാതംഗി സത്യമൂർത്തിയുടെ കച്ചേരിയും അരങ്ങേറും. 12ന് ദശമി നാളിലെ പഞ്ചരത്ന കീർത്തനാലാപനത്തിന് കർണാടക സംഗീത മേഖലയിലെ പ്രമുഖർ പങ്കെടുക്കും. അന്ന് മൃദംഗ വിദ്വാൻ കോങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ദിനമായി ആചരിക്കും. സംഗീതോൽസവത്തോടനുബന്ധിച്ചുള്ള സംഗീത തിലകം ബഹുമതി മൃദംഗ വാദകൻ ബാലകൃഷ്ണ കമ്മത്തിന് സമ്മാനിക്കും.12ന് വൈകുന്നേരത്തെ കച്ചേരിയോടെ സംഗീതോൽസവം സമ്മാനിക്കും.

Advertisement
Advertisement