തിരുവമ്പാടി തിരുവുത്സവം: ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ; വലിയവിളക്ക് ഇന്ന്

82

തിരുവമ്പാടി ക്ഷേത്രത്തിൽ ശ്രീകൃഷ്ണന്റെ ഉത്സവ ദിനങ്ങളിലെ പ്രധാനപ്പെട്ട താന്ത്രിക ചടങ്ങായ ഉത്സവബലി ചൊവ്വാഴ്ച നടന്നു. വലിയ പാണിക്ക് ശേഷം എല്ലാ ബലിക്കല്ലിലും പ്രത്യേക പൂജയോടെ തന്ത്രി  പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് ഹവിസ് തൂവി. സപ്തമാതൃക്കൽ ഹവിസ് തൂവുമ്പോൾ ഭഗവദ് തിടമ്പ് സ്വർണപഴുക്കാ മണ്ഡപത്തിൽ എഴുന്നെള്ളിച്ച് ദീപാരാധന നടന്നു. തുടർന്ന് ഭഗവാനെ പുറത്തേക്ക് എഴുന്നെള്ളിച്ചു. പുറത്തെ ബലിക്കല്ലുകളിൽ ആറ് പ്രദക്ഷിണത്തോടെ ഹവിസ് തൂവി. ക്ഷേത്രപാലന് ഓട്ടപ്രദക്ഷിണമായും ശേഷം വലിയ ബലികല്ലിലും ഹവിസ് തൂവി ഉത്സവബലി ചടങ്ങുകൾ അവസാനിച്ചു. ബുധനാഴ്ച ഉത്സവത്തോടനുബന്ധിച്ച് വലിയ വിളക്ക് ആഘോഷിക്കും. വൈകുന്നേരം ദീപാരാധനക്ക് ശേഷം 6.45ന് തായമ്പക വിദ്വാൻ ശുകപുരം രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും രാത്രി അത്താഴ ശീവേലിക്ക് ശേഷം ഒമ്പതിന് നടക്കുന്ന വലിയ വിളക്ക് എഴുന്നെള്ളിപ്പിന് യുവപ്രതിഭകളായ കക്കാട് അതുൽ മാരാർ, ചെറുശേരി അർജുൻ എസ് മാരാർ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. വിളക്കാചാരങ്ങൾക്കും മേളത്തിനും ശേഷം തൃപ്പുകയോടെ നടയടക്കും. വ്യാഴാഴ്ച പള്ളിവേട്ടയും 10ന് ആറാട്ടും നടക്കും. കൊടിയേറ്റം മുതൽ തുടങ്ങിയ അയ്യായിരത്തോളം പേർക്കുള്ള അന്നദാനം വെള്ളിയാഴ്ച ആറാട്ട് ദിനം വരെ കൗസ്‌തുഭം ഓഡിറ്റോറിയത്തിൽ തുടരും.

Advertisement
Advertisement