
വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാമെന്ന ഇളവ് ലഭിച്ചില്ലെന്നും പ്രവേശിച്ചവരെ തടഞ്ഞുവെന്നും തിരുവമ്പാടിക്ക് പരാതി. വിഷയം ചർച്ച ചെയ്യാനായി ദേവസ്വം ഭരണസമിതിയുടെ അടിയന്തര യോഗം ശനിയാഴ്ച ചേരും. വെടിക്കെട്ടിൻറെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന നടുവിലാലിന് ചേർന്ന് ഇരുവശവുമുള്ള ഭാഗങ്ങളൊഴിവാക്കി ആളുകൾക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു ധാരണ. എന്നാൽ പാറമേക്കാവ് വിഭാഗത്തിൻറെ വെടിക്കെട്ട് നടക്കുന്ന ഭാഗത്ത് പഴയനടക്കാവ് മുതൽ കുറുപ്പം റോഡ് വരെയും ആളുകൾക്ക് പ്രവേശിക്കാൻ കഴിഞ്ഞപ്പോൾ തിരുവമ്പാടി വിഭാഗത്തെ നായ്ക്കനാലിന് ഇപ്പുറത്തേക്ക് പ്രവേശിപ്പിച്ചില്ലത്രെ. മുൻ വർഷങ്ങളിൽ നായ്ക്കനാൽ പന്തലിന് മുമ്പായി ഷൊർണൂർ റോഡിലേക്കിറങ്ങി തടയുകയും ബിനിക്ക് സമീപം മുതൽ തടയുകയുമായിരുന്നു. പാറമേക്കാവ് വിഭാഗത്തിനാവട്ടെ കോർപ്പറേഷൻ ഓഫീസ് റോഡ് മുതൽ പ്രവേശന വിലക്കായിരുന്നു. ഇതായിരുന്നു കടുത്ത പ്രതിഷേധത്തിനും പരാതിക്കുമിടയാക്കിയത്. ചർച്ചകൾക്കൊടുവിൽ കർശന വ്യവസ്ഥകൾ പാലിച്ചും കരിമരുന്നിന്റെ അളവും വെടിക്കെട്ട് സ്ഥലവും കുറച്ചും മന്ത്രിമാരുടെ സാനിധ്യത്തിൽ പെസോ അധികൃതരും കലക്ടറും പൊലീസും ദേവസ്വം അധികൃതരും യോഗം ചേർന്നാണ് ഇളവിന് ധാരണയായത്. എന്നാൽ വെടിക്കെട്ടിന് മുമ്പ് തന്നെ പൊലീസ് ഇവിടേക്കുള്ള ഭാഗം അടച്ചതായാണ് പറയുന്നത്. ദേവസ്വം ഭാരവാഹികൾ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. പൂരം പ്രധാന വെടിക്കെട്ടിനും സമാന സാഹചര്യമുണ്ടായേക്കുമെന്ന ആശങ്കയിലാണ് ദേവസ്വങ്ങൾ. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ ദേവസ്വം രാവിലെ യോഗം ചേരുന്നത്. പൊലീസ് നടപടിയിൽ കടുത്ത അതൃപ്തിയിലും പ്രതിഷേധത്തിലുമാണ് തിരുവമ്പാടി. തുടർനടപടികൾ സ്വീകരിക്കുന്നത് യോഗത്തിൽ തീരുമാനിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.