തൃശൂർ ഗവ. ലോ കോളേജിൽ കെ.എസ്‍.യു-എസ്.എഫ്.ഐ സംഘർഷം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

3

തൃശൂർ ഗവ. ലോ കോളേജിൽ കെ.എസ്‍.യു-എസ്.എഫ്.ഐ സംഘർഷം. നാല് എസ്.എഫ്.ഐ പ്രവർത്തകർക്കും നാല് കെ.എസ്‍.യു പ്രവർത്തകർക്കും പരിക്കേറ്റു. കെ.എസ്‌.യുവിലെ നാലാം വർഷ വിദ്യാർഥികളായ സൂരജ്, വൈശാഖ്, അമീൻ,ജെറിൻ എന്നിവർക്കും എസ്.എഫ്.ഐയിലെ
സിദ്ധാർഥ്, ഗോപൻ, സിജിൻ, സഖിൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ അവസാനവർഷ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് ആഘോഷ പരിപാടിക്കിടെ കോളേജിൻറെ പിൻവശത്തായിരുന്നു സംഘർഷം. കാമ്പസിലെ കെ.എസ്‍.യു കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയതെന്ന് കെ.എസ്‍.യുവും എസ്.എഫ്.ഐ പ്രവർത്തകനെ കെ.എസ്‍.യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കെ.എസ്.യു കാമ്പസിൽ മനപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐയും വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെ.എസ്.യുവും പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement