പൂര ലഹരിയിൽ തൃശൂർ; നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേ ഗോപുര വാതിൽ തുറന്ന് വിളംബരം പ്രഖ്യാപിച്ചു; സാക്ഷികളായി ജനക്കൂട്ടത്തിനൊപ്പം മന്ത്രിമാരും, നാളെയാണ് കാത്തിരുന്ന പൂരം, ശിവകുമാറിനൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ആരാധകർ

114

പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട തുറന്നിട്ടു.  പുറത്ത് കാത്ത് നിന്ന പൂരാസ്വാദകരുടെ ആരവങ്ങളും പുഷ്പവൃഷ്ടിയിലും തുമ്പി ഉയർത്തി ശിവകുമാർ അഭിവാദ്യം ചെയ്തു.  ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കി പൂര വിളംബരം നടത്തി. തൃശൂർ പൂരലഹരിയിലായി. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. രാവിലെ എട്ടോടെ കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും കിഴക്കൂട്ട് അനിയൻമരാരുടെയും പെരുവനം സതീശൻ മരാരുടെയും നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്. സേവ്യർ ചിറ്റിലപ്പിള്ളി അടക്കമുള്ളവർ എഴുന്നെള്ളത്തിനെ അനുഗമിച്ചിരുന്നു.   പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി. ശിവകുമാറിനെ കാത്ത് ആരാധകർ തെക്കേ ഗോപുര നടയിലും പടിഞ്ഞാറേ നടയിലും മണികണ്ഠനാലിലും ഉണ്ടായിരുന്നു. മേളത്തോടെ നെയ്തലക്കാവിലമ്മയെ ആനയിച്ചു. ശ്രീമൂലസ്ഥാനത്തും തെക്കേഗോപുരത്തിലും മേളം മണിക്കൂറുകൾ കടന്ന് നീണ്ടു. ആവേശലഹരിയിൽ ആസ്വാദകർ ആരവം മുഴക്കി. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജനകീയമാക്കിയ പൂരവിളമ്പരത്തിന്റെ മാറ്റ് കുറക്കാതെ പിന്മുറക്കാരൻ ശിവകുമാറും ചടങ്ങ് ഗംഭീരമാക്കി. ആയിരങ്ങളാണ് തെക്കേചരുവിൽ എത്തിയത്. കിഴക്കേ ഗോപുരം കടന്ന് വടക്കും നാഥനെ വണങ്ങി പൂരമറിയിച്ചു. പിന്നീട് തെക്കേഗോപുര വാതിൽ പൂരത്തിനായി തുറന്നിട്ട് നിലപാടുതറയിലേയ്ക്കു നീങ്ങി പുരവിളംബര നടത്തി. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനം ഇന്നും തുടരുന്നുണ്ട്. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തുന്നത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കങ്ങളും തുടരുകയാണ്. നൂറ്റാണ്ട് പിന്നിട്ടിട്ടും ചിട്ടതെറ്റാത്ത ചടങ്ങുകളെങ്കിലും ഓരോ പൂരവും അവിസ്മരണീയവും പുതുമയേറിയ അനുഭവങ്ങളുമാണ് പൂരപ്രേമികൾക്ക്. നാളെയാണ് പൂരം. ഉച്ചയോടെ എട്ട് ഘടക പൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. വീണ്ടും ഘടക പൂരങ്ങളുടെ ആവർത്തനം. പുലർച്ചെ വെടിക്കെട്ട്. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും. രണ്ട് വർഷത്തിന് ഇടവേളയിട്ടെത്തിയ പൂരത്തിനെ ആവേശത്തോടെയാണ് പൂരപ്രേമികൾ വരവേൽക്കുന്നത്. നേരത്തെ തന്നെ വിപുലമായ ഒരുക്കങ്ങൾ ദേവസ്വങ്ങളും സർക്കാരും വിലയിരുത്തിയിരുന്നു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ പൂര നഗരിയിൽ ഒരുക്കങ്ങൾ വിലയിരുത്തി പൂർണ സമയമുണ്ട്. ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പൂരം ഒരുക്കങ്ങൾ വിലയിരുത്തി പൂരനഗരിയിലുണ്ട്.

Advertisement
Advertisement