തൃശൂരിനെ വിറപ്പിച്ച് തീ പിടിത്തം. തൃശൂർ നഗരത്തിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിലും ജില്ലയുടെ മലയോര മേഖലയിലുമാണ് തീ പടര്‍ന്നത്. രക്ഷാ പ്രവർത്തനത്തിനിടെ ഫയർമാൻ കുഴഞ്ഞു വീണു. ഗോഡൗണിൽ ഉണ്ടായിരുന്ന നായ്ക്കുട്ടികളും വെന്ത് മരിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഓസ്കാർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തീ പടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്കുട്ടികള്‍ വെന്തുമരിച്ചു. ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ട് കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. മലയോര മേഖലയിൽ വെള്ളമെത്തിക്കാനുള്ള പ്രയാസമാണ് അനുഭവിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആധുനിക സൗകര്യങ്ങൾ ഇല്ലാതെയും അഗ്നിരക്ഷാ സേന നെട്ടോട്ടമൊടുകയാണ്.