മോഷ്ടിച്ച വാഹനവുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തൃശൂർ പൊലീസ് കുടുക്കി

28

മോഷ്ടിച്ച വാഹനവുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കുടുക്കി. തിരുവനന്തപുരം അരുവിപ്പാറ വിഷ്ണുഭവനിൽ വിഷ്ണുവിനെ (22) ആണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായ ഫാന്റം പൈലി എന്നറിയപ്പെടുന്ന കൊല്ലം വർക്കല സ്വദേശി ഷാജി ഉൾപ്പെട്ട ബൈക്ക് മോഷണക്കേസിലെ കൂട്ടുപ്രതിയാണ് ഇയാൾ.
2 മാസം മുൻപ് തൃശൂർ കോട്ടപ്പുറം സ്വദേശിയുടെ ബൈക്കും കഴിഞ്ഞ 14നു മറ്റൊരു വാഹനവും വിഷ്ണു മോഷ്ടിച്ചിരുന്നു. അവസാനം മോഷ്ടിച്ച വാഹനവുമായി ഇയാൾ കാട്ടാക്കടയിൽ കറങ്ങുന്നതായുള്ള വിവരത്തെ തുടർന്ന് അന്വേഷണസംഘം തിരുവനന്തപുരത്തെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വിവിധ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി കിള്ളി എന്ന സ്ഥലത്തുള്ളതായി തിരിച്ചറി‍ഞ്ഞാണ് പിടികൂടിയത്. മുഖ്യ സൂത്രധാരനായ ഷാജി മറ്റൊരു കേസിൽ ജയിലിലാണ്. വെസ്റ്റ് എസ്എച്ച്ഒ കെ.സി.ബൈജു, എസ്ഐ വിനയൻ, സിപിഒമാരായ അഭീഷ് ആന്റണി, പി.സി.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.

Advertisement
Advertisement