തൃശൂർ പൂരം: നേട്ടം കൊയ്ത് റെയിൽവേയും കെ.എസ്.ആർ.ടി.സിയും; മൂന്ന് നാളിൽ റെയിൽവേ നേടിയത് 26.34 ലക്ഷം, രണ്ട് നാളിൽ കെ.എസ്.ആർ.ടി.സിക്ക് 50 ലക്ഷത്തിലധികം

10

രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആഘോഷിച്ച തൃശൂർ പൂരത്തിൽ വരുമാന നേട്ടമുണ്ടാക്കി റെയിൽവേയും കെ.എസ്.ആർ.ടി.സി.യും. പൂരത്തിന്റെ മൂന്ന് നാളിൽ മാത്രം റെയിൽവേക്ക് ലഭിച്ചത് 26.34 ലക്ഷമാണെങ്കിൽ കെ.എസ്.ആർ.ടി.സി രണ്ട് ദിവസം കൊണ്ട് 50 ലക്ഷത്തിലധികം വരുമാനമുണ്ടാക്കി. പൂരത്തിനെത്തുന്ന യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിരുന്നു. സാമ്പിൾ വെടിക്കെട്ട് ദിവസമായ എട്ടിന് 5675 യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചത്. ഇവരിൽ നിന്നായി 5.12 ലക്ഷം വരുമാനമുണ്ടായപ്പോൾ പൂരനാളായ 10ന് 10,719 യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചത്. ഇവരിൽ നിന്നും 7.95 ലക്ഷം നേടിയപ്പോൾ പകൽപ്പൂരവും ഉപചാരം ചൊല്ലലും നടന്ന 11ന് 16,277 പേരാണ് ട്രെയിനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. 13.27 ലക്ഷമാണ് അന്നത്തെ മാത്രം വരുമാനം. സാധാരണ ദിവസങ്ങളിൽ ശരാശരി അയ്യായിരത്തോളം യാത്രികരും നാലര ലക്ഷത്തോളമാണ് പ്രതിദിന ശരാശരി വരുമാനമുണ്ടാവാറുള്ളത്. തത്സമയ ടിക്കറ്റ് വിതരണ കേന്ദ്രം, കൂടുതൽ കൗണ്ടറുകൾ, കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് യാത്രികർക്ക് ആവശ്യമായ കുടിവെള്ള സൗകര്യം അടക്കമായി കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു. മഴമൂലം രാത്രി പൂരവും വെടിക്കെട്ടും തടസപ്പെട്ടതോടെ വെടിക്കെട്ട് ഉണ്ടാവില്ലെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ രാത്രി എട്ടോടെ തന്നെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുമ്പിൽ രൂപപ്പെട്ട യാത്രികരുടെ നീണ്ട നിര പിറ്റേന്ന് രാവിലെ അഞ്ച് വരെ തുടർന്നതായി ചീഫ് ബുക്കിംഗ് സൂപ്പർവൈസർ മീനാംബാൾ അറിയിച്ചു. ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും കൗണ്ടറുകൾ വഴി ടിക്കറ്റുകൾ ഒരേ സമയം നൽകിയതിന് പുറമെ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു. കോവിഡിന് മുമ്പുള്ള വർഷങ്ങളിലേതിനേക്കാൾ ഇത്തവണ കൂടുതൽ പേർ പൂരത്തിനെത്തിയെന്ന നേട്ടത്തിലും വരുമാനത്തിലും റെയിൽവേയും പങ്കാളിയായി. രണ്ട് നാൾ കൊണ്ട് കെ.എസ്.ആർ.ടി.സി അരക്കോടിയോളം വരുമാനമുണ്ടാക്കിയെന്നാണ് കണക്ക്. പൂരം നാളായ 10ന് 40 ലക്ഷത്തിന് മുകളിലാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വരുമാനം. തൃശൂർ കെ.എസ്.ആർ.ടി.സിയിൽ മാത്രം 13 ലക്ഷത്തോളം വരുമാനമുണ്ടാക്കി. 11ന് പത്ത് ലക്ഷത്തിലധികം വരുമാനമുണ്ടാക്കി. ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂർ, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെല്ലാം പൂരം വൻ നേട്ടമുണ്ടാക്കി. അഞ്ച് മുതൽ എട്ട് ലക്ഷത്തോളമാണ് സാധാരണ ദിവസങ്ങളിൽ ജില്ലയിലെ ശരാശരി വരുമാനം.

Advertisement
Advertisement