Home Kerala Thrissur വടക്കുംനാഥന് മുന്നിൽ ജനസാഗരം സാക്ഷി: ഭഗവതിമാർ ഉപചാരം ചൊല്ലി; തൃശൂർ പൂരത്തിന് പരിസമാപ്തി, അടുത്ത പൂരം 2024 ഏപ്രിൽ 19ന്

വടക്കുംനാഥന് മുന്നിൽ ജനസാഗരം സാക്ഷി: ഭഗവതിമാർ ഉപചാരം ചൊല്ലി; തൃശൂർ പൂരത്തിന് പരിസമാപ്തി, അടുത്ത പൂരം 2024 ഏപ്രിൽ 19ന്

0
വടക്കുംനാഥന് മുന്നിൽ ജനസാഗരം സാക്ഷി: ഭഗവതിമാർ ഉപചാരം ചൊല്ലി; തൃശൂർ പൂരത്തിന് പരിസമാപ്തി, അടുത്ത പൂരം 2024 ഏപ്രിൽ 19ന്

പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനം. ഉച്ചക്ക് 12.45ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലൽ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയർത്തി.

അതിനുമുമ്പ് ഇരുവിഭാഗത്തിന്റെയും മണിക്കൂറുകളോളം നീണ്ട മേളമുണ്ടായി, ഒപ്പം ഇന്നലത്തെ പൂരക്കഴ്ചകൾ ഓർമിപ്പിച്ച് ചെറിയ കുടമാറ്റവും. ഉപചാരം ചൊല്ലലിന് ശേഷം ഭഗവതിമാർ മടങ്ങി. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 19നാണ്. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പൂരത്തിന് തുടക്കമിട്ടതും ഉപചാരം ചൊല്ലുന്നതിനുമുള്ള നിയോഗം ലഭിച്ച കൊമ്പൻ എന്ന നേട്ടം കൂടിയുണ്ട് ഇത്തവണ ശിവകുമാറിന്. കഴിഞ്ഞ വർഷം വരെ ശ്രീമൂലസ്ഥാനത്ത് ഒരു ചേരിയിൽ നിന്ന് കൊട്ടിയവരും ഇന്നലെ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറയിലും പുറത്ത് ശ്രീമൂല സ്ഥാനത്തുമായി ഏറ്റുമുട്ടിയ കിഴക്കൂട്ട് അനിയൻ മാരാരും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും ഇന്ന് പകൽപൂരത്തിൽ ഇരു വശങ്ങളിലും മുഖാമുഖം നിന്ന് മത്സരിക്കുന്നതും ഈ വർഷത്തെ പൂരത്തിന്റെ സവിശേഷത. തെക്കേചരുവിൽ മിന്നിമാഞ്ഞ വർണക്കുടകളുടെ മാറ്റം ശ്രീമൂലസ്ഥാനത്തും കാഴ്ച വിരുന്നൊരുക്കിയപ്പോൾ പൂരം കാണാനുള്ളത് അധികവും തൃശൂർക്കാരാണ്. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബത്തിനുള്ളതാണ് പകൽപ്പൂരമെന്നാണ് കഥ. സ്ത്രീകളും കുട്ടികളും മുതിർന്നവരുമൊക്കെയായി സകുടുംബം പൂരം കൂടാൻ വടക്കുംനാഥന്റെ മുറ്റത്തും പൂര നഗരിയിലുമുണ്ട്. ജില്ലക്ക് പുറത്ത് നിന്നെത്തിയവരിൽ പൂരം കണ്ട് മതിയാവാത്തവരും ഇന്നലെ എത്താൻ കഴിയാതിരുന്നവരും ഇന്നെത്തിയിട്ടുണ്ട്. പുലർച്ചെ നാലേകാലോടെയാണ് വെടിക്കെട്ട് നടന്നത്. മാനത്ത് വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം.  പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാൻ എത്തിയ ആൾക്കൂട്ടത്തെ നിരാശരാക്കി. പിന്നാലെ മഴ പെയ്തതും ആശങ്കയുണ്ടാക്കിയെങ്കിലും ഇതെല്ലാം ആസ്ഥാനത്താക്കിയായിരുന്നു പൂരനഗരിയുടെ ആഘോഷ തിമിർപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here