മാനം തെളിഞ്ഞു, പൂര മനം നിറഞ്ഞു: തിരിച്ചു പിടിച്ച പ്രതാപത്തോടെ തൃശൂർ പൂരം ഉപചാരം ചൊല്ലി; അടുത്ത പൂരം 2023 ഏപ്രിൽ 30ന്

126

ഒന്നര നാൾ കാഴ്ചകളുടെയും മേളങ്ങളുടെയും അപൂർവ്വത സമ്മാനിച്ച് തിരിച്ചു പിടിച്ച പ്രതാപ പൂരത്തിന് ചടങ്ങുകളോടെ പരിസമാപ്തി. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ ഉപചാരം ചൊല്ലി പിരിഞ്ഞു. മഴ പുലർച്ചെ വെടിക്കെട്ടിനെ മുടക്കിയ നിരാശയിലും ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞും പൂരക്കഞ്ഞി കുടിച്ച് കാഴ്ചക്കാരും വേർപിരിഞ്ഞു. പുലർച്ചെ മാറ്റി വെച്ച വെടിക്കെട്ട് ഇന്ന് രാത്രിയിൽ നടക്കും.

Advertisement

രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും പകൽപൂരത്തിന്റെ എഴുന്നെള്ളത്ത് ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ ശ്രീമൂലസ്ഥാനത്തും ഇലഞ്ഞിത്തറയിലും കണ്ട പൂരം വീണ്ടും ഓർമിപ്പിച്ചു. തെക്കേചരുവിൽ മിന്നിമാഞ്ഞ വർണക്കുടകളുടെ മാറ്റം ശ്രീമൂലസ്ഥാനത്തും അരങ്ങേറിയത് ആകർഷക കാഴ്ചയായി. പൂരം കാണാൻ ഇന്ന് അധികവുമുണ്ടായത് തൃശൂർക്കാരാണെന്ന് പറയുമെങ്കിലും ഇന്നലെ വന്നവർ മതിയാവാതെ ഇന്നും പൂരത്തിലലിഞ്ഞു. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബത്തിനുള്ളതാണ് പകൽപ്പൂരമെന്നാണ് വിശ്വാസം. ശ്രീമൂലസ്ഥാനത്തെ മേളത്തിന് ശേഷം ഭഗവതിമാർ വടക്കുംനാഥന് മുന്നിൽ ഉപചാരം ചൊല്ലി. അടുത്ത മേടത്തിലെ പൂരത്തിന് എത്താമെന്ന് ഉറപ്പ് നൽകി. അടുത്ത വർഷത്തെ പൂരം 2023 ഏപ്രിൽ 30ന് പൂരം നാളിലെന്ന് പ്രഖ്യാപിച്ചു. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കടന്ന് കൊക്കർണി പറമ്പിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്കും തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി മഠത്തിലേക്ക് ആറാട്ടിനായി മടങ്ങി. ഇന്നലെ കുടമാറ്റത്തിന് ശേഷം രാത്രിയിൽ മഴ ശക്തമായതോടെ ഘടകപൂരങ്ങളുടെ ആവർത്തന എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനിയില്ല. നേരത്തെ എഴുന്നെള്ളിപ്പ് പൂർത്തിയാക്കിയ കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ അലോസരമുണ്ടാക്കിയിരുന്നു. പകൽ പൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിന്റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞിരുന്നു. രാത്രി‍യിലെ വെടിക്കെട്ടും മാറ്റിവെച്ചിരുന്നു. ഇന്നത്തെ പകൽ പൂരം കഴിഞ്ഞുള്ള വെടികെട്ടും പുലർച്ചെ നടക്കാതെ പോയ വെടിക്കെട്ട് വൈകീട്ടുമായി രണ്ട് വെടികെട്ടും ഇന്ന് നടക്കും.

Advertisement