
വർഷങ്ങളായുള്ള തൃശൂർ പൂരം തൽസമയ സംപ്രേഷണം ഇത്തവണ ദൂരദർശനും ആകാശവാണിയുമില്ല. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് വേണ്ടിയാണ് ലോകത്തിന് മലയാളത്തിന്റെ സംഭാവനയായ തൃശൂർ പൂരം തൽസമയ സംപ്രേഷണം ഒഴിവാക്കിയത്. മൻ കി ബാത്തിന്റെ 100ാമത് എപ്പിസോഡ് ആണ് തൃശൂർ പൂരം ദിവസമായ ഞായറാഴ്ചയിലേത്. രാവിലെ 11ന് ഇത് തൽസമയം സംപ്രേഷണം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വർഷങ്ങളായി തൽസമയം സംപ്രേഷണം ചെയ്തിരുന്ന തൃശൂർ പൂരം ഒഴിവാക്കിയത്. ഓൾ ഇന്ത്യ റേഡിയോയിലൂടെയും ദൂരദർശന്റെയും മുഴുവൻ നെറ്റ് വർക്കുകളിലും ന്യൂസ് ഓൺ എയർ ന്യൂസ് വെബ് സൈറ്റിലും മൊബൈൽ ആപ്പിലും പരിപാടി പ്രക്ഷേപണം ചെയ്യും. എ.ഐ.ആർ ന്യൂസ്, ഡി.ഡി ന്യൂസ്, പി.എം.ഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുകളിലും ഇത് തൽസമയം സംപ്രേഷണം ചെയ്യും. ഹിന്ദിയിലുള്ള സംപ്രേഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പ്രക്ഷേപണം ചെയ്യും. 2014 ഒക്ടോബർ മൂന്നുമുതലാണ് മൻ കി ബാത്ത് പ്രതിമാസ റേഡിയോ പരിപാടി തുടങ്ങിയത്. മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്ന രാവിലെ 11 മണിക്കാണ് തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങായ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലിരുന്ന മഠത്തിൽവരവ് ആസ്വദിക്കുന്നത് ലക്ഷക്കണക്കിന് ആസ്വാദകരാണ്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലുള്ള ബി.ജെ.പി മൻ കി ബാത്ത് 100ാമത് എപ്പിസോഡ് പരിപാടി ബൂത്ത് തലത്തിൽ വിപുലമായി സംഘടിപ്പിക്കാനാണ് നിർദേശം. മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന പഴയനടക്കാവ് റോഡിൽ വലിയ സ്ക്രീൻ വെച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രദർശിപ്പിക്കുന്നുണ്ട്. പൂരം തൽസമയ സംപ്രേഷണം ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ് പൂരാസ്വാദകർ. അതേ സമയം മൻ കി ബാത്ത് അര മണിക്കൂർ മാത്രമേ ഉള്ളൂവെന്നാണ് വിശദീകരണം.