തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും: ആദ്യം കൊടിയേറുക പാറമേക്കാവിൽ

53

മഹാമാരി അടച്ചു പൊട്ടിയിട്ട രണ്ട് വർഷത്തിന്റെ ഇടവേളക്ക് ശേഷം ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. 10നാണ് പൂരം. എട്ടിന് ആണ് സാമ്പിൾ വെടിക്കെട്ട്. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. ഘടക ക്ഷേത്രങ്ങളിലും കൊടിയേറും. പാറമേക്കാവിൽ രാവിലെ ഒൻപതിനും 10.30 നും ഇടയിലാണ് കൊടിയേറ്റ്. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമ്മിച്ച കവുങ്ങിൻ കൊടി മരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും, ദർഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിക്കും. സിംഹമുദ്രയുള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയർത്തുക. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. തുടർന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നളളിപ്പും ഭഗവതിക്ക് വടക്കുംനാഥക്ഷേത്ര കൊക്കർണിയിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ആറാട്ടും നടക്കും.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും – 10.55നും ഇടയിലാണ് കൊടിയേറ്റ്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നി വർ അടക്കാമരം ചെത്തി മിനുക്കി കൊടിമരം നിർമ്മിച്ചശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തും. അതിനുശേഷം ശ്രീകോവിലിൽ പൂജിച്ച സപ്തവർണ കൊടി കൊടിമരത്തിൽ കെട്ടി നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തും. ഉച്ചക്ക് മൂന്നിനാണ് ക്ഷേത്രത്തിൽ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. ഉച്ചക്ക് 3.30ന് ഭഗ വതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പുരപ്പതാകകൾ ഉയരും. ഭഗവാൻ ശ്രീകൃഷ്ണന്റേയും ശ്രീഭഗവതിയുടേയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലനിറത്തിലും മഞ്ഞനിറത്തിലും തുന്നിയ കൊടി കളാണ് ഉയർത്തുക. അപ്പോൾ ആചാര വടികൾ ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി അഞ്ചോടെ തിരിച്ചെഴുന്നള്ളും.  കൊടിയേറ്റത്തിനുള്ള അടക്കാമരം ഇന്നലെ വൈകീട്ട് പാട്ടുരായ്ക്കൽ ജംഗ്ഷനിൽ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് തട്ടകക്കാർ സ്വീകരിച്ചു കൊണ്ട് വന്നു.

Advertisement

പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് കൊടിയേറ്റം.
ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരത്തിന് കൊടിയേറുക.  ലാലൂരിലാണ് ആദ്യം കൊടിയേറുക. തട്ടകക്കാരും ക്ഷേത്രോപദേശക സമിതിയംഗങ്ങളും ചേര്‍ന്ന് കൊടിയേറ്റ് നിര്‍വഹിക്കും.
അയ്യന്തോള്‍ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിന് മുമ്പ് മേളവും ആറാട്ടും നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മൂന്നാന പുറത്ത് എഴുന്നെള്ളിപ്പ് ഉണ്ടാകും. മേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികത്വം വഹിക്കും. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിയേറ്റം നടത്തും. ലാലൂര്‍ കാര്‍ത്യായനിദേവീ ക്ഷേത്രം- രാവിലെ 8.00-8.30, അയ്യന്തോള്‍ കാര്‍ത്യായനിദേവീ ക്ഷേത്രം- രാവിലെ 10.30-11.30, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം- വൈകിട്ട് 5.30, കണിമംഗലം ശാസ്താ ക്ഷേത്രം- വൈകിട്ട് 6.30, പനമുക്കുംപിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം- വൈകിട്ട് 6.30-7.30, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം- വൈകീട്ട് 6.30, ചൂരക്കോട്ടുകാവ് ദുര്‍ഗാദേവീ ക്ഷേത്രം- വൈകിട്ട് 7.00-7.30, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം- വൈകിട്ട് 6.30-7.00 എന്നിങ്ങനെയാണ് ഘടക ക്ഷേത്രങ്ങളിലെ കൊടിയേറ്റ് സമയം.

Advertisement