തൃശൂർ പൂരം ഇന്ന് ഉപചാരം ചൊല്ലും: ഇന്ന് രണ്ട് നേരം വെടിക്കെട്ട്; പകൽപ്പൂരം തുടങ്ങി; ഇന്നലെ പൂരത്തിനെത്തിനെത്തിയത് റെക്കോർഡ് ജനം, ഇന്നും ഒഴിയാതെ മഴയാശങ്ക

104

ഒന്നര നാൾ കാഴ്ചകളുടെയും മേളങ്ങളുടെയും അപൂർവ്വത സമ്മാനിച്ച് ചടങ്ങുകളോടെ തൃശൂർ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ ഉപചാരം ചൊല്ലി പിരിയും. ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞും പൂരക്കഞ്ഞി കുടിച്ച് കാഴ്ചക്കാരും വേർപിരിയും. ഉപചാരം ചൊല്ലി പിരിയലിനും മേളത്തിനും കഴിഞ്ഞ ദിവസത്തെ ശ്രീമൂലസ്ഥാനത്തും ഇലഞ്ഞിത്തറയിലും കണ്ട പൂരം ഓർമിപ്പിച്ച് പകൽപൂരത്തിന് തേക്കിൻകാട് തുടക്കമായി. തെക്കേചരുവിൽ മിന്നിമാഞ്ഞ വർണക്കുടകളുടെ മാറ്റം ശ്രീമൂലസ്ഥാനത്തും അരങ്ങേറും. പക്ഷേ, പൂരം കാണാൻ ഇന്ന് അധികവുമുണ്ടാവുക തൃശൂർക്കാർ ആവും. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബത്തിനുള്ളതാണ് പകൽപ്പൂരമെന്നാണ്. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിച്ചു. ശ്രീമൂലസ്ഥാനത്തെ മേളത്തിന് ശേഷം പകൽ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം എന്നാണെന്നും പ്രഖ്യാപിക്കും. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കടന്ന് കൊക്കർണി പറമ്പിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങും. തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി മഠത്തിലേക്ക് ആറാട്ടിനായി നീങ്ങും. ആറാട്ടിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിമരം തട്ടുന്നതോടെ പൂരങ്ങൾക്ക് സമാപ്തിയാകും. കുടമാറ്റത്തിന് ശേഷം രാത്രിയിൽ മഴ ശക്തമായതോടെ ഘടകപൂരങ്ങളുടെ ആവർത്തന എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനായില്ല. നേരത്തെ എഴുന്നെള്ളിപ്പ് പൂർത്തിയാക്കിയ കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ അലോസരമുണ്ടാക്കിയിരുന്നു. പകൽ പൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിന്റെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞിരുന്നു.  മഴയെത്തുടര്‍ന്ന് മാറ്റിവച്ച പുലർച്ചെ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. രണ്ട് വർഷം കഴിഞ്ഞെത്തിയ ഈ വർഷത്തെ പൂരത്തിന് എത്തിയത് റെക്കോർഡ് ജനങ്ങളെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement