വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ അഞ്ചാമത്തെ പശുവും ചത്തു:
തൃശൂരില്‍ മൃഗങ്ങളെ ബാധിക്കുന്ന കുരലടപ്പൻ രോഗം വ്യാപിക്കുന്നു; അടിയന്തര നടപടി ആവശ്യപ്പെട്ട് കോർപറേഷന് ബി.ജെ.പി കൗൺസിലറുടെ കത്ത്

39

തൃശൂർ നഗരത്തിൽ മൃഗങ്ങളെ ബാധിക്കുന്ന കുരലടപ്പൻ രോഗം അതിവേഗത്തിൽ വ്യാപിക്കുന്നു. വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ അലഞ്ഞു നടക്കുന്ന പശുക്കളില്‍ നാല് എണ്ണം ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കുരലടപ്പൻ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗലക്ഷണങ്ങളോടെ ഒരു പശുകൂടി ചത്തതോടെ രോഗം ബാധിച്ച് ചത്ത പശുക്കളുടെ എണ്ണം അഞ്ചായി. രോഗവ്യാപനം തടയാന്‍ കോർപ്പറേഷനും ആരോഗ്യവകുപ്പും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും അതിവേഗത്തിലുള്ള രോഗപ്പകർച്ചയിൽ ഭീതിയിലാണ് ജനം. നിലവിൽ  ജില്ലയിൽ മറ്റൊരിടത്തും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ജില്ലയിലെ  ഒരു സ്വകാര്യ  ഫാമിലെ പശുക്കള്‍ക്ക് അസുഖം ബാധിച്ചതായും സൂചനയുണ്ട്. മനുഷ്യനെ ബാധിക്കാത്ത ഈ രോഗം മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കാണ് പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങള്‍ മണിക്കൂറുകള്‍ക്കകം ചാകുമെന്നതാണ് ഈ അസുഖത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്. നഗരത്തില്‍ അലഞ്ഞു  നടക്കുന്ന പശുക്കളില്‍ അസുഖം കണ്ടെത്തിയതാല്‍ ഇവ രോഗ വാഹികളാകാന്‍ സാധ്യയുണ്ടെന്ന് വിദഗ്ദർ പറയുന്നു. അതിനാല്‍ ഇവയെ സൗകര്യപ്രദമായ സ്ഥലം സജ്ജമാക്കി അങ്ങോട്ട് മാറ്റി പ്രതിരോധ കുത്തിവെയ്പ് എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രോഗ വ്യാപന സാഹചര്യത്തിൽ വടക്കുന്നാഥനിലെ ഗോശാലയിലെ പശുക്കൾക്ക് വാക്സിനേഷൻ നൽകി. ‘പാസ്ചറില്ല’ ഇനത്തിൽപ്പെടുന്ന ബാക്ടീരിയ ആണ് രോഗകാരി. രോഗം ബാധിച്ചാല്‍ പനി ശക്തമാവും. കീഴ്ത്താടിയിലും തൊണ്ടയ്ക്കു ചുറ്റും ശക്തമായ നീരും ഉണ്ടാകും. ഭക്ഷണം കഴിക്കാൻ പ്രയാസം, ശ്വാസതടസം, വായിൽനിന്ന് ഉമിനീർ പ്രവാഹം എന്നിവയാണ് ലക്ഷണങ്ങൾ. രക്തപരിശോധന വഴിയാണ് രോഗം  നിർണയിക്കുന്നത്. ഓയില്‍ അഡ്ജുവെന്റ്, ബ്രോത്ത് ഇനത്തിൽപ്പെടുന്ന പ്രതിരോധ കുത്തിവയ്പാണ് പശുക്കൾക്ക് നൽകുന്നത്. രോഗബാധയുടെ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് തേക്കിൻകാട് ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.