തിരുവാണിക്കാവിൽ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസ്; കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ

43

ചേർപ്പ് പഴുവിൽ തിരുവാണിക്കാവിൽ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ മാസം പതിനെട്ടിനാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ സംഘം ചേര്‍ന്ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം വച്ച് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം  സഹര്‍ മരിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷ വിമർശനമുയർന്നിരുന്നു. പ്രതികളെ രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കിയെന്ന കുടുംബത്തിന്റെ ആക്ഷേപമുയർന്നതോടെയാണ് പ്രതികൾക്ക് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.  കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തുതുടങ്ങിയിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടര്‍ന്ന് വരികയാണ്. കൊല്ല പ്പെട്ട സഹറിന്‍റെ വനിത സുഹൃത്തിന്‍റെ വിശദമായ മൊഴിയും ശേഖരിച്ചു.  സംഭവം നടന്ന് മൂന്നാം ദിവസമാണ് പൊലീസില്‍ വിവരം ലഭിക്കുന്നത്. കഴിഞ്ഞ 22 മുതല്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ക്രെ വ്യക്തമാക്കി.10 പേരാണ് സഹറിനെ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി ലുക്കൌട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Advertisement
Advertisement