വടക്കേച്ചിറ ബസ് ഹബ്ബില്‍ യാത്രക്കാര്‍ക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാൻ പദ്ധതി

15

വടക്കേച്ചിറ ബസ് ഹബ്ബില്‍ യാത്രക്കാര്‍ക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസിന്‍റെ അധ്യക്ഷതയില്‍ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബാങ്കിന്‍റെ സി.എസ്.ആര്‍. ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹബ്ബില്‍ യാത്രക്കാര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റി വിപുലീകരിക്കുന്നതിനും, ടോയ്ലെറ്റുകളില്‍ എയര്‍ ഫ്രഷ്നെര്‍ സ്ഥാപിക്കുന്നതിനും, ലേഡീസ് ടോയ്ലെറ്റുകളില്‍ വെന്‍റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനു വേണ്ടി വൈദ്യുതി സോളാര്‍ എനര്‍ജി പ്രകാരം നടത്തുന്നതിനായി തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം ഹബ്ബിലെ ലോകോത്തര നിലവാരത്തില്‍ ഗാര്‍ഡനിംഗ് വിപുലീകരിക്കുന്നതിനും യാത്രക്കാര്‍ക്ക് ആസ്വാദനത്തിനായി എഫ്. എം. റേഡിയോ ഉള്‍പ്പെടെ കേള്‍ക്കുന്നതിനുള്ള സ്പീക്കര്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ബസ് ഹബ്ബിന്‍റെ തുടര്‍ന്നുള്ള നടത്തിപ്പിന് മേയര്‍ അധ്യക്ഷനായും, എസ്.ഐ.ബി. റൗണ്ട് ശാഖയില്‍ ഉള്ള 2 ഉദ്യോഗസ്ഥരെ നോമിനിയായും, കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബാങ്കും കോര്‍പ്പറേഷനും സംയുക്തമായി തെരഞ്ഞെടുക്കുന്ന ഒരു പ്രതിനിധിയും അടങ്ങുന്ന ഗവേണിംഗ് ബോഡി പുനര്‍ക്രമീകരിക്കുന്നതിനും ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡെപ്യൂട്ടിമേയര്‍ രാജശ്രീ ഗോപന്‍, കൗണ്‍സിലര്‍ സി.പി. പോളി, സെക്രട്ടറി വിനു സി.കുഞ്ഞപ്പന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികളായ കെ.സി. രഞ്ജിത്ത്, കീര്‍ത്തികുമാര്‍, ബിനോ ജോര്‍ജ്ജ്, ചാക്കോ പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മാറുന്ന തൃശൂരിന്‍റെ ഒരു മുഖശ്രീയായി എല്ലാ ആധുനികതയോടും കൂടി തുടര്‍ പരിപാലനം കൃത്യമാക്കുന്നതിന്‍റെ തുടര്‍ പ്രൊപ്പോസലുകളും അംഗീകരിച്ചു.