
പൂരം സാമ്പിൾ വെട്ടിക്കെട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥരെ രാത്രിയിൽ തിരിച്ച് വിളിച്ചതായി ആക്ഷേപം. ഇതേ തുടർന്ന് പെരുമഴയത്ത് വീട്ടിലെത്തിയവർക്കെല്ലാം തിരിച്ചെത്തേണ്ടി വന്നു. അനുമതിയില്ലാതെ ഡ്യൂട്ടി പോയിന്റിൽ നിന്നും മടങ്ങി എന്നതാണ് പോലിസുകാരെ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്. ആയിരത്തോളം പോലീസുകാരാണ് സാമ്പിൾ ദിനത്തിൽ നഗരത്തിൽ ഡ്യൂട്ടിക്കുണ്ടായിരുനത്. ശനിയാഴ്ച രാവിലെ പൂരം ഡ്യൂട്ടിക്ക് എത്തേണ്ട വരെയാണ് രാത്രിയിൽ തന്നെ തിരിച്ചു വിളിച്ചത്. രാവിലെ ഡ്യൂട്ടിയിൽ പ്രവേശിച്ചാൽ ഇനി ഉപചാരം ചൊല്ലി കഴിഞ്ഞ് മാത്രമേ മടങ്ങാനാകൂ. ഇതിനുള്ള ഒരുക്കങ്ങൾക്കായിട്ടായിരുന്നു വെടിക്കെട്ട് കഴിഞ്ഞ് തിരക്കൊഴിഞ്ഞതോടെ ആർത്തലച്ച് പെയ്ത മഴയിലും വീടെത്താൻ ഓടിയത്. എന്നാൽ വീടെത്തിയതിന് പിന്നാലെ മഴയത്ത് തന്നെ തിരിച്ചെത്തിക്കൊള്ളാനായിരുന്നു നിർദേശം. അതെ സമയം പോലീസിൻ്റ സുരക്ഷാ ക്രമീകരണത്തിൽ പിഴവ് വന്നതായും ആരോപണമുണ്ട്. വിലക്കുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ കയറുകയും കയറിയ വരെ മാറ്റാനും പോലീസിനു കഴിഞ്ഞില്ല. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് ഇളവിന് തീരുമാനമുണ്ടായിരുന്നുവെങ്കിലും തിരുവമ്പാടി വിഭാഗത്തിൽ ഇത് അനുവദിക്കാതിരുന്നതും ഏകോപനമില്ലാതിരുന്നതാണ് കാരണമെന്ന് പറയുന്നു. ആർക്ക് വേണമെങ്കിലും മാറ്റം വരുത്താവുന്ന വിധത്തിൽ ഡ്യൂട്ടി ലിസ്റ്റ് എക്സൽ ഫോർമാറ്റിലാണ് അയച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണം പാളിയതിൻ്റെ രോഷമാണ് മേലുദ്യോഗസ്ഥർ വീട്ടിലെത്തിയവരെ വിളിച്ചു വരുത്തിയതെന്നും ആക്ഷേപമുണ്ട്.