പുഴയ്ക്കൽ പാടം നികത്താൻ ശോഭാ സിറ്റി വ്യാജരേഖകൾ നിർമിച്ചു: തെളിവുകൾ പുറത്ത് വിട്ട് വിദ്യാ സംഗീത്, ശോഭാസിറ്റി ഉൾപ്പെടുന്ന പ്രദേശം സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത്; വയൽ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിദ്യയുടെ കത്ത്

4593

ശോഭ സിറ്റി നിർമ്മാണത്തിന് പുഴക്കൽ പാടം നികത്തിയത് സ്വന്തമായി നിർമ്മിച്ച വ്യാജ ഉത്തരവുകൾ ഉപയോഗിച്ചെന്ന് രേഖകൾ. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചുവെന്നും രേഖകൾ പുറത്ത് വിട്ട് തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം വിദ്യാ സംഗീത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ ഉത്തവിട്ടെങ്കിലും ശോഭ സിറ്റിയെ തൊടാൻ പൊലീസ് തയ്യാറായില്ല. ശോഭ സിറ്റി 79 ഏക്കറോളം വയൽ നികത്തി നിർമ്മിച്ച ശോഭ സിറ്റി സമുച്ചയം ഉൾപ്പെടെ മുഴുവൻ സ്ഥലവും സർക്കാരിന്റെ അന്തിമ ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന്റെ രേഖകളും വിദ്യ പുറത്ത് വിട്ടു. 19 ഏക്കറിൽ നിലം നികത്താൻ ഉപയോഗിച്ചത് മുഴുവൻ വ്യാജരേഖകളാണ്. ശോഭ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ കൊണ്ടാണെന്നും ശോഭ സിറ്റി വയൽനികത്താൻ വ്യാജമായി നിർമ്മിച്ചമുഴുവൻ രേഖകളും പിടിച്ചെടുക്കാനും അന്തിമ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽ എന്ന സ്റ്റാറ്റസിൽ സ്ഥിതി ചെയ്യുന്ന 60 ഏക്കറിലെ ശോഭ സിറ്റിസമുച്ചയം പൊളിച്ചു നീക്കി വയൽ പൂർവസ്ഥിതിയിലാക്കി തൽ സ്ഥലത്തു കൃഷി ചെയ്യാൻ ശോഭ ഗ്രൂപ്പിന് നിർദ്ദേശം നൽകുന്നതിനും ചീഫ്‌സെക്രട്ടറിക്കു പരാതി നൽകിയെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാ സംഗീത് പറഞ്ഞു. നേരത്തെ ശോഭാ സിറ്റിയുടെ വയൽ നികത്തിയുള്ള നിർമ്മാണത്തിനെതിരെ ഹൈകോടതിയിൽ നിന്നും നികത്തൽ നിറുത്തിവെയ്പ്പിച്ചത് വിദ്യാ സംഗീതിന്റെ ഇടപെടൽ ആയിരുന്നു.