വോട്ടർപട്ടിക – ആധാർ ബന്ധിപ്പിക്കൽ: ബി.എൽ.ഒമാർക്ക് ആദരം;യജ്ഞത്തിന്റെ ഭാഗമായി ദമ്പതികൾ

9

വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞം കുറഞ്ഞ ദിവസത്തിനകം നൂറ് ശതമാനം പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആദരം. വടക്കാഞ്ചേരി, പുതുക്കാട്, ചേലക്കര, കൈപ്പമംഗലം, ചാലക്കുടി, മണലൂർ, ഒല്ലൂർ ബൂത്തുകളിൽ നിന്നായി 12 ബൂത്ത് ലെവൽ ഓഫീസർമാരാണ് ആദരവിന് അർഹമായത്. ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ബിഎൽഒമാർക്ക് പ്രശംസാപത്രം കൈമാറി. വോട്ടർ പട്ടിക – ആധാർ ബന്ധിപ്പിക്കൽ യജ്ഞത്തിൽ പങ്കാളിയായവർക്ക് പ്രത്യേകം അഭിനന്ദിക്കുന്നതായി കലക്ടർ പറഞ്ഞു.

Advertisement

ബിഎൽഒമാരിൽ ദമ്പതികൾ ഉൾപ്പെടെ ഭാഗമായത് ശ്രദ്ധേയമായി. പുതുക്കാട് മണ്ഡലത്തിലെ അങ്കണവാടി ടീച്ചർ സിജി ഇ പി, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ പ്രദീപ് ചൂരക്കാടൻ എന്നിവരാണ് കുറഞ്ഞ ദിവസത്തിനകം നൂറ് ശതമാനം പൂർത്തിയാക്കിയത്. കൈപ്പമംഗലം മണ്ഡലത്തിലെ എം എ കുഞ്ഞുമുഹമ്മദ് ആണ് ബിഎൽഒമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി. 75 വയസ് ആണ് പ്രായം. രണ്ടാഴ്ച കൊണ്ടാണ് ബിഎൽഒമാർ നൂറ് ശതമാനം പൂർത്തിയാക്കിയത്.

ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നല്‍കി അവ പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

വോട്ടര്‍പട്ടിക പുതുക്കല്‍, ഇരട്ടിക്കല്‍ ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍, കള്ളവോട്ട് തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, നാഷ്ണല്‍ വോട്ടേഴ്‌സ് സര്‍വീസസ് പോര്‍ട്ടല്‍ (https://www.nvsp.in/) എന്നിവ വഴിയോ പൊതുജനങ്ങള്‍ക്കും ഈ യജ്ഞത്തിൽ പങ്കാളിയാകാം.

കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, എഡിഎം റെജി പി ജോസഫ്, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ എന്നിവർ ഭാഗമായി.

Advertisement